2014 ഫെബ്രുവരി 8, ശനിയാഴ്‌ച

കഥ തുടരുമ്പോള്‍............



ഇന്നലത്തെ മലയാള മനോരമയിലെ ഒരു ചെറുകുറിപ്പാണ് ഈ ബ്ലോഗ്‌ ഏഴുതിക്കുന്നത്.

ന്യൂഡല്‍ഹി , അപ്പു  , തുടങ്ങിയ ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച ഡെന്നിസ് ജോസഫിനെ ഒരു കഥയെഴുതാന്‍ തമ്പി കണ്ണന്താനം ഏല്‍പ്പിക്കുന്നു.

അസുഖം കാരണം കിടപ്പിലായ ഡെന്നിസ് സുഹൃത്തായ എസ്‌. എന്‍. സ്വാമിയെ ഏല്‍പ്പിക്കുന്നു ആ കര്‍ത്തവ്യം .


കഥയുടെ തുമ്പിനായി അലയുമ്പോള്‍ സ്വാമി ഒരു ചിത്രം പത്രത്തിന്‍റെ താളുകളില്‍ കാണുന്നു.




അതുല്യ നടന്‍ ദിലീപ്കുമാര്‍ ഭാര്യ സൈറഭാനുവിനോടൊപ്പം അധോലോകനായകന്‍ ഹാജി മസ്താന്‍റെ കാലില്‍ തൊട്ടു വന്ദിക്കുന്ന ചിത്രം.
ആ സ്പാര്‍ക്കില്‍ നിന്ന് സ്വാമി ജന്മം കൊടുത്ത കഥയാണ്‌ ഇരുപതാം നൂറ്റാണ്ട്.

മലയാള സിനിമയുടെയും ,  സ്വാമിയുടെയും  ,കെ. മധുവിന്‍റെ യും , മോഹന്‍ലാലിന്‍റെയും , സുരേഷ്ഗോപിയുടെയും , തമ്പി കണ്ണന്താനത്തിന്‍റെയുമൊക്കെ  ചരിത്രം മാറ്റി എഴുതിയ ചിത്രം ഇന്നും നാം ടി .വി. യില്‍ കണ്ട് ആസ്വദിക്കുന്നു.

പിന്നീട് സി. ബി. ഐ. ഡയറിക്കുറിപ്പുകളുടെ പരമ്പരകളുമായി എസ്‌. എന്‍. സ്വാമിയുടെ ജൈത്രയാത്ര ......അത് ഇന്നും തുടരുകയാണ്.

കഥകളെന്നും നമ്മുടെ ചുറ്റും നിറയുകയാണ്.

ചുറ്റുമുള്ള കഥാതന്തുക്കളെ കാണാത്ത കസ്തൂരിമാനുകളെ പോലെ  നാം കഥ തേടി അലയുകയാണ്.

ഇറാനിയന്‍ ചിത്രങ്ങളുടെ സി . ഡി . ഇട്ടുകണ്ടാലേ  കഥകള്‍ കിട്ടൂ എന്ന മിഥ്യാ സങ്കല്‍പ്പങ്ങള്‍ക്ക് അപവാദമാണ് ഇത്.

ഇതുപോലെ ജീവിതഗന്ധിയായ കഥകള്‍ മണത്തറിഞ്ഞു എഴുതിയ ലോഹിതദാസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമ ആഴ്ചപ്പതിപ്പില്‍ തന്‍റെ ചിത്രങ്ങളുടെ കഥാതന്തുക്കളെ  പറ്റി എഴുതിയത് ഇന്നും മനസ്സില്‍ തങ്ങുന്നു.

തന്‍റെ സഹപാഠിയെ വഴിയില്‍ കണ്ടപ്പോള്‍ ലോഹിതദാസ് ചോദിച്ചു  

“എങ്ങോട്ടാ ? “

“ അറിഞ്ഞില്ലേ നമ്മുടെ അദ്ധ്യാപകന്‍ ബാലന്‍മാസ്റ്റര്‍ ആശുപത്രിയിലാ  “

“എന്തു പറ്റി ? “

“അല്പം വട്ടാ “

“ വട്ടോ ? “

“ ബന്ധുക്കളൊക്കെ ചേര്‍ന്നു വട്ടാക്കിയതാ “

ആ ഒറ്റ വാചകമാണ് സര്‍വകാല ഹിറ്റ് ആയ തനിയാവര്‍ത്തനത്തിന്‍റെ കഥാതന്തു.

ലോഹിയുടെ അയല്‍ക്കാരന്‍ കേശവന്‍ എന്ന സാധുവിന് ഒരു ഉറുമ്പിനെപ്പോലും കൊല്ലാനാവില്ല.

പക്ഷെ ഒരു വൈകുന്നേരം വീട്ടിലെത്തുന്ന കേശവന്‍ കാണുന്നത് തന്‍റെ ഭാര്യയെ കയറിപ്പിടിക്കുന്നവനെ ആണ്.

കയ്യിലെടുത്ത വിറകു കൊള്ളിയുമായി കേശവന്‍ അവന്‍റെ തലക്കടിക്കുന്നു.
അവന്‍ മരിക്കുന്നു .

കേശവന്‍ ജയിലില്‍ ആവുന്നു. ജയില്‍ മോചിതനായ കേശവന്‍ രക്തം കണ്ടാല്‍ അറക്കാത്തവനായി മാറുന്നു.

മലയാളി ഇന്നും നെഞ്ചിലേറ്റുന്ന കിരീടവും , ചെങ്കോലും  സമ്മാനിച്ച സേതുമാധവന്‍ കേശവനില്‍ നിന്നും ജനിച്ചതാണ്.

തന്‍റെ ഗ്രാമത്തില്‍ സഹോദരന്‍റെ  കല്യാണത്തിന്‍റെ തൊട്ടു മുമ്പൊരു മരണം സംഭവിക്കുന്നു .പക്ഷെ കല്യാണം ഭംഗിയായി നടക്കുന്നത് വരെ ആ മൃതദേഹം വീട്ടിലെവിടെയോ ആ കുടുംബാംഗങ്ങള്‍  മറച്ചുവെക്കുന്നു.ഈ ഹൃദയഭേദകമായ സംഭവമാണ് ലോഹിയുടെ ഭരതമായത് .

അങ്ങനെ ലോഹിയെപ്പോലെ ജീവിതം പറിച്ചെഴുതുന്ന   മറ്റൊരു കലാകാരന്‍ ആണു രഞ്ജിത്ത് .

മരണം കാത്തുകിടക്കുന്ന ശ്രീവിദ്യയെ കാണാന്‍ എത്തിയ പൂര്‍വകാമുകന്‍ കമലഹാസന്‍ ശ്രീവിദ്യയോടു എന്തായിരിക്കും സംസാരിച്ചതെന്ന് ചിന്ത രഞ്ജിത്തിനെ കൊണ്ടെത്തിച്ചത്  തിരക്കഥ എന്ന മനോഹരമായ ചലച്ചിത്രത്തിലാണ്.ഒരു കവിത പോലത്തെ സിനിമ .ദൈവം സ്വര്‍ഗത്തിലല്ല  നമ്മുടെ അരികിലുണ്ടെന്നു കാണിക്കാന്‍ പ്രാഞ്ചിയെട്ടനിലൂടെയും നന്ദനത്തിലൂടെയും തെളിയിക്കാന്‍  രഞ്ജിത്തിനേ  കഴിയൂ.

2002 ല്‍ ഇഹലോകവാസം വെടിഞ്ഞ മുല്ലശ്ശേരി രാജഗോപലനാണ് ദേവാസുരത്തിലേയും രാവണപ്രഭുവിലെയും മംഗലശ്ശേരി നീലകണ്ഠന്‍. മലയാള കലാകാരന്മാരുടെ ഉറ്റ തോഴന്‍.

ജീവിതതിലെവിടെയോ തളര്‍ന്നുവീഴുന്ന രാജഗോപാല്‍ മരണം വരെ ഒരു കലാകാരനായിരുന്നു.

പാട്ടുകളെ സ്നേഹിച്ച രാജഗോപാല്‍.

2012 ല്‍ കോഴിക്കോട് വെച്ചു ചേര്‍ന്ന രാജഗോപാല്‍ അനുസ്മരണത്തില്‍ എം . പി . വീരേന്ദ്രകുമാര്‍  മുല്ലശ്ശേരി രാജഗോപാലിനെ അടുത്തറിയാതെ പോയതില്‍ വിതുമ്പി .

മുല്ലശ്ശേരി രാജഗോപാല്‍ ജീവിക്കും ദേവാസുരത്തിന്‍റെ ആയുസ്സോളം നമ്മളോടൊപ്പം .

ദേവാസുരം വീട്ടില്‍ സി.ഡി യിട്ട് കണ്ട രാജഗോപാല്‍ രഞ്ജിത്തിനെ വിളിച്ച്‌ പറയുന്നു “ നീ എന്നെ ഒരുപാടു നല്ലവനാക്കി കളഞ്ഞല്ലോ “ എന്ന്
അങ്ങനെ കേശവനും ബാലന്‍ മാസ്റ്ററും  രാജഗോപാലും ഒക്കെ മരണമില്ലാതെ ജീവിക്കുന്നു.

നമുക്ക് ചുറ്റും കഥകളാണ്, നാം കാണാന്‍ മറക്കുന്ന മടിക്കുന്ന കഥകള്‍.

കഥയമമ കഥയമമ കഥകളതി സാദരം

പലകോടി ജന്മങ്ങള്‍ കുമിളകളായുണര്‍ന്നുടയും

കഥാസരിത് സാഗര  സീമയില്‍

കഥകളാകുന്നു നാം അറിവീലയെങ്കിലും അഥവാ

തിരിച്ചറിഞ്ഞെന്നാലും അറിയുകില്ലുള്‍കഥ

കഥകളാല്‍ നിവൃതമീ പ്രകൃതിയും

കഥകളീ കടലുകള്‍ കുലശൈലശ്രിംഗങ്ങള്‍

കഥ തന്നെ വഴിനീളെ അടരുമീയിലകളും

കദനമായെറിയു മായുസ്സിന്‍റെ തിരികെട്ടു കഥ കഴിയുമ്പോള്‍ തുടങ്ങുന്നു

പുതിയതിനവസ്സാനമില്ലാത്ത കദനമോ

 തുടരുന്നു ,തുടരുന്നു , തുടരുന്നു

വഴിയോര സത്രത്തില്‍ അപരാഹ്നവേളയില്‍ 

 ഒരുമിച്ചു കൂടി പിരിഞ്ഞുപോകും വരെ

പറയുക ,പറയുക ,  കഥകള്‍  നിരന്തരം

കഥ പറഞ്ഞങ്ങനെ കഥകളായി  കാലത്തിലലിയുക

അതില്‍ ഒരു കഥയില്ലയെങ്കിലും

കഥകളെക്കാള്‍ ഭാരമില്ല ഭൂമിക്കുമെന്നറിയുക


ആഴമില്ലൊരു സമുദ്രത്തിനും ................................

sanu Y Das


2014 ജനുവരി 31, വെള്ളിയാഴ്‌ച

സ്വപ്നാടനം ഞാന്‍ തുടരുന്നു..........................



                ബ്ലോഗിന്‍റെ ചുവരുകളില്‍ എഴുതിവെച്ചു കമന്‍റ്  നേടാനുള്ള കുറിപ്പല്ല ഇത്.

ജീവിതത്തിന്‍റെ ചുവരില്‍ വെറുതെ കോറിയ കുറച്ചു വരികള്‍ മാത്രം.
കമ്പ്യൂട്ടറിന്‍റെയും മൊബൈലിന്‍റെയും നൂതന ടെക്നോളജികളില്‍ അവസാനം ഓടി എത്തുന്ന ഒരാളാണ് ഞാന്‍.

ലോകം മുഴുവന്‍ സ്മാര്‍ട്ട്‌ ഫോണില്‍ എത്തുമ്പോഴേക്കും ഞാന്‍ ഒരുപാട് പിന്നിലായിരിക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പേ ലോകം കീഴടക്കിയ വാട്സ്അപ്പിലേക്ക് ഞാന്‍ എത്തിയത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം.

വാട്സ്അപ്പിന്‍റെ പ്രൊഫൈല്‍ഫോട്ടോയോടൊപ്പം ചേര്‍ക്കുന്ന ശീര്‍ഷക വാചകമാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്.

 സ്നേഹത്തിന്‍റെ ഒരു വാക്ക് പോലും പറയാനാവാത്തവര്‍

 “ലവ് എവരിവണ്‍  “ എന്നെഴുതി പിടിപ്പിക്കുന്നു!!!!!!!!!!!!!!!!!!!!

“വിത്തൌട്ട് വൈഫ്‌ നോ ലൈഫ് “ എന്നെഴുതിയ മുഖം മൂടികള്‍ ഒരുപാടുണ്ട് വാട്സ്അപ്പിന്‍റെ ചുവരില്‍ !!!!!!!!!!!!!!!!!!!!!!

പക്ഷെ , ഒരു പ്രിയ സുഹൃത്തിന്‍റെ പത്നിയുടെ ശീര്‍ഷകമാണെന്നെ ഈ കുറിപ്പെഴുതിച്ചത്........

ഹൃദയം കൊണ്ടെഴുതിയ കവിത പോലെ.........

“ചെയ്സിംഗ് എ ബിഈഈഈഈഇഗ് ഡ്രീം   !!!!!!!!!“

ഈശ്വരന്‍മാരെ മാത്രം മുന്നില്‍ കണ്ടു ജീവിച്ച ഒരു കൊച്ചു കുടുംബമായിരുന്നു എന്‍റെ സുഹൃത്തിന്‍റെ .

ഒരു ഈച്ചയെപ്പോലും ഉപദ്രവിക്കാതെ ഒതുങ്ങിക്കൂടിയ ഒരു കൊച്ചു കുടുംബം .

വിധിയുടെ കൊടുങ്കാറ്റടിച്ചപ്പോള്‍ ഗൃഹനാഥനൊന്നു തളര്‍ന്നു വീഴുന്നു.

ഇന്ന് ആ ഗൃഹനാഥനെ പഴയ രൂപത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ രാവും പകലും കണ്ണിമക്കാതെ പ്രയത്നിക്കുകയാണ് അയാളുടെ പ്രിയതമ.

 “ചെയ്സിംഗ് എ ബിഗ്‌ ഡ്രീം “ എന്നെഴുതിയ പ്രിയ പത്നി.

ഒന്നാലോചിച്ചാല്‍ നമ്മളൊക്കെ ഓരോ സ്വപ്നങ്ങള്‍ക്കും പിന്നാലെ ഓടുകയല്ലേ ?

പട്ടിണിക്കാരന്‍റെ സ്വപ്നം ..................... നാളത്തെ പ്രഭാത ഭക്ഷണമാകാം.

മഹാരോഗിയുടെ സ്വപ്നം..................... സുഖമരണമാകാം .

ഗര്‍ഭസ്ഥയായ സ്ത്രീയുടെ സ്വപ്നം .......................... അംഗവൈകല്യം ഇല്ലാത്ത കുട്ടിയാകാം.
അച്ഛന്‍റെ സ്വപ്നം......................... വഴിതെറ്റാത്ത മകനാകാം.

അമ്മയുടെ സ്വപ്നം .................. പോറലേല്‍ക്കാതെ വൈകുന്നേരങ്ങളില്‍ വീട്ടിലെത്തുന്ന മകളാകാം

എത്ര സമ്പാദിച്ചാലും മതിയാകാത്ത പണക്കൊതിയന്‍മാരുടെ സ്വപ്നം.....................കോടികളില്‍ നിന്നും, കോടികളിലേക്കായിരിക്കും.

പൂജാരിയുടെ സ്വപ്നം........... തന്ത്രിയാവാനും , പുരോഹിതന്‍റെ സ്വപ്നം.............മെത്രാനാവാനും ,ആര്‍ച്ബിഷപ്പിന്‍റെ സ്വപ്നം.......മാര്‍പ്പാപ്പയാകാനുമാകാം .

എഴുത്തുകാരന്‍റെ സ്വപ്നം ........ബുക്കര്‍ പ്രൈസാകാം.

സ്റ്റേറ്റ് അവാര്‍ഡുകാരന്‍റെ സ്വപ്നം.........നാഷ്ണല്‍ അവാര്‍ഡും ,നാഷ്ണല്‍ അവാര്‍ഡുകാരന്‍റെ സ്വപ്നം ........... ഓസ്കാറും ഗ്രാമിയുമാകാം.

ഒരു കായികന്‍റെ സ്വപ്നം ............അര്‍ജുനയും , ദ്രോണയുമാകാം .

സിറിയയിലേയും , ഇറാഖിലേയും , ഈജിപ്തിലേയും , ജനതയുടെ സ്വപ്നം ................. ബോംബുകളുടെ ,  കാതടപ്പിക്കുന്ന ശബ്ദങ്ങളുടെ അന്ത്യമാകാം .

സുഡാനീസ്‌ ബാലന്‍റെ  സ്വപ്നം.................... വയറു നിറയെ  ഭക്ഷണമാകാം .

നിരക്ഷരരുടെയും , തൊഴിലില്ലാത്തവരുടേയും സ്വപ്നം................അറബി നാട്ടിലൊന്നു കാലുകുത്താനാകാം .

വൃദ്ധസദനത്തിലെ അച്ഛനമ്മമാരുടെ സ്വപ്നം.............തിരികെ വിളിക്കാനെത്തുന്ന മക്കളാകാം .

ഡല്‍ഹിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടി യാചിച്ചത് ജീവിതമല്ല ,  ജീവനായിരുന്നിരിക്കാം.

അങ്ങനെ , ഗര്‍ഭാവസ്ഥ മുതല്‍ അവസാന ശ്വാസം വരെ , നമ്മളെല്ലാം സ്വപ്നങ്ങളുടെ പിന്നാലെ ഓടുകയാണ്.

ചിലര്‍.......ഓടിയെത്തുന്നു , ചിലര്‍........തളര്‍ന്നു വീഴുന്നു.

“ചെയ്സിംഗ് എ ബിഗ്‌ ഡ്രീം “ എന്നെഴുതിയ പ്രിയ സുഹൃത്തേ ............
നിങ്ങള്‍ ഒറ്റക്കല്ല ..............................

സ്വപ്നങ്ങളുടെ പിന്നാലെയോടുന്ന ഞങ്ങളുമുണ്ട്  കൂടെ .................

വാട്സ്അപ്പിന്‍റെ ചുവരില്‍  ”സ്വപ്ന സാഫല്യം “ എന്നെഴുതുന്ന കാലം അതി വിദൂരമല്ല....

“സ്വപ്‌നങ്ങളെ....നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോനിങ്ങളീഭൂമിയിലില്ലായിരുന്നെങ്കില്‍നിശ്ചലം ശൂന്യമീ ലോകം !!!!!!!!!!!!!!!!


ശ്രി വയലാറിനെ നമുക്ക് വാഴ്ത്താം !!!!!! 

Sanu Y Das

2014 ജനുവരി 28, ചൊവ്വാഴ്ച

കൂടെവിടെ.......................... ????

                                    
 46 വര്‍ഷത്തെ ഹ്രസ്വജീവിതത്തില്‍ ഒരു കലാകാരന് എന്തെല്ലാം ചെയ്തു തീര്‍ക്കാം എന്നറിയണമെങ്കില്‍ താഴേ കാണുന്ന ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി.
അക്ഷരങ്ങളുടെയും ചലച്ചിത്രസമസ്യകളുടെയും ഗന്ധര്‍വന്‍ ഭൂമി വിട്ടുപോയിട്ട് ജനുവരിയില്‍ 23 വര്‍ഷം.

സ്വപ്നം കാണുന്ന കണ്ണുകള്‍ ഉള്ള ചെറുപ്പക്കാരന്‍ എന്ന് വിശേഷിപ്പിച്ച പദ്മരാജന്‍.





സൂര്യനിലെ അഗ്നിയുടെ മൂര്‍ത്തിമത്ഭാവമായ ഗന്ധര്‍വന്‍ പദ്മരാജന്‍.
ചുംബിച്ച ചുണ്ടുകള്‍ക്കു വിടതരികയെന്നു  “ലോല”  യില്‍ എഴുതിയ വരികളിലൂടെ ഇനിയും ജീവിക്കുന്ന പദ്മരാജന്‍.

“ക്ലാര” എന്ന വഴിതെറ്റിയ പെണ്‍കുട്ടിയെ മലയാളികളുടെ മനസ്സില്‍ കുടിയിരുത്തിയ പദ്മരാജന്‍.

ഇന്നത്തെ ന്യൂ ജനറേഷന്‍ എഴുത്തുകാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ഫാന്‍റസിയുടെ ലോകം ദശാബ്ദങ്ങള്‍ക്കു മുമ്പേ “പ്രതിമയും രാജകുമാരി “ യിലൂടെ സമ്മാനിച്ച പദ്മരാജന്‍.

മഴയും, രാത്രിയും,മരണവും സ്നേഹിച്ച പദ്മരാജന്‍.

കഥകളുടെ ലോകത്ത് തന്‍റെതായ കയ്യൊപ്പ് പതിപ്പിച്ച പദ്മരാജന്‍.

ഒടുവില്‍.......... “കരിയിലക്കാറ്റുപോലെ”, പറന്നു പറന്നു പോയ പദ്മരാജന്‍.

തന്‍റെ  ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍  “ഞാന്‍ ഗന്ധര്‍വന്‍” എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ അശരീരി വചനങ്ങള്‍ ഇന്നും നമ്മെ ഭയപ്പെടുത്തുന്നു.         

 “സൂര്യസ്പര്‍ശമുള്ള  പകലുകളില്‍ ഇനി നീ ഇല്ല.

പകലുകള്‍ നിന്നില്‍ നിന്നും ചോര്‍ത്തി കളഞ്ഞിരിക്കുന്നു.

ചന്ദ്രസ്പര്‍ശമുള്ള രാത്രികളിലും....

 നിനക്കുള്ളത് ഇന്നത്തെ രാത്രി മാത്രം

ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റുവീശുമ്പോള്‍

നീ  ഈ ഭൂമിയില്‍ നിന്നു യാത്രയാകും

ഒന്നിനും നിന്നെ തിരിച്ചുവിളിക്കാനാവില്ല. “

നാം ഭാഗ്യം കെട്ടവരാണ്, 46 വര്ഷം മാത്രം നമ്മുടെ കൂടെ ജീവിച്ച ഗന്ധര്‍വനെ ഒന്നു തിരിച്ചു വിളിക്കാനാകാത്ത ഭാഗ്യഹീനര്‍.......


“വീണ്ടും കാണുക എന്നോന്നുണ്ടാകില്ല...

നീ മരിച്ചതായി ഞാനും

ഞാന്‍ മരിച്ചതായി നീയും കരുതുക

ചുംബിച്ച ചുണ്ടുകള്‍ക്കു വിട തരിക


ലോല മില്‍ഫോര്‍ഡ് എന്ന വെളുത്ത പെണ്‍കുട്ടിയെപ്പോലെ നമുക്കും കരയാനേ കഴിയു................

Sanu Y Das