2014 മേയ് 9, വെള്ളിയാഴ്ച
2014 മേയ് 8, വ്യാഴാഴ്‌ച
രണ്ടാമൂഴങ്ങളുടെ നായകന്‍...
7 ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍.
21 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍.
3 സര്‍വകലാശാലകളുടെ
ഡോക്ടറേറ്റ് .
പലതവണ സാഹിത്യ അക്കാദമി
അവാര്‍ഡുകള്‍.
ജ്ഞാനപീഠം, ഓടക്കുഴല്‍,
മുട്ടത്ത് വര്‍ക്കി,പദ്മരാജന്‍, എഴുത്തച്ഛന്‍ ,ലളിതാംബികാ അന്തര്‍ജ്ജനം,തുടങ്ങി
ഒരുവിധപ്പെട്ട എല്ലാ സാഹിത്യ പുരസ്കാരങ്ങളും....
സാഹിത്യ അക്കാദമി
ഫെലോഷിപ്പ്....
2005 ല്‍ രാഷ്ട്രം പദ്മഭൂഷന്‍
നല്‍കി ആദരിച്ചു.
80 വയസ്സില്‍ ഇത്രയേറെ
ബഹുമതികള്‍ നേടിയ വ്യക്തി മറ്റാരുമല്ല.....
കൂടല്ലൂര്‍ എന്ന കൊച്ചു
ഗ്രാമത്തില്‍ ജനിച്ച മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍.
എം. ടി. എന്ന മലയാളക്കരയുടെ
പ്രിയപ്പെട്ട രണ്ടക്ഷരം...
“രണ്ടാമൂഴം” എന്ന ഇതിഹാസ
കൃതി ഉള്‍പടെ ഒട്ടേറെ അക്ഷര വിസ്മയങ്ങളുടെ ഉടമ.
എം.ടി. യെ പറ്റി ബ്ലോഗ്
എഴുതുകയെന്ന സാഹസത്തിനോ, ബുദ്ധിമോശത്തിനോ അല്ല ഇവിടെ തുടങ്ങുന്നത്.
മലയാളികള്‍ ഹൃദയത്തില്‍
സൂക്ഷിച്ചിരിക്കുന്ന ഒരു വ്യക്തിയെപ്പറ്റി എന്തെഴുതാന്‍ ഇനി ?
പക്ഷെ, അടുത്തയിടെ വായിച്ച
“വാസു “ എന്ന പുസ്തകം നാം കാണാത്ത ഒരു ബാല്യകാലത്തേക്കെന്നെ പിടിച്ചുകൊണ്ടുപോയി.
ഒട്ടേറെപ്പേര്‍ അറിയാത്ത
ഒരു കണ്ണുനീര്‍ ബാല്യം.
മനസ്സിന്‍റെ മുറിവുകള്‍ക്കുമേല്‍
പുരട്ടാനുള്ള മരുന്നായി വാസുവിന് എഴുത്ത്.
വെട്ടിയും, തിരുത്തിയും,
എഴുതി ,എഴുതി , ആ ബാലന്‍ വളര്‍ന്നു.
ദേശങ്ങള്‍ കടന്നു പേരും,
പെരുമയും, നേടിയ വാസു എം. ടി. വാസുദേവന്‍ നായരായി.
എം. ടി. യുടെ കഥകളില്‍ ,ബാല്യകാലവേദനകള്‍ക്കു
പകരം വീട്ടുന്ന ചിത്രങ്ങള്‍ ആണെന്ന് എന്‍.പി.മുഹമ്മദ് ആമുഖത്തില്‍ പറയുന്നു.
മേളത്തൂര്‍ അഗ്നിഹോത്രിയുടെ
കഥകള്‍ നിറഞ്ഞ കണ്ണാന്തളിപ്പൂക്കളുടെ ഗ്രാമം കൂടല്ലൂര്‍ !
തെക്കേപ്പാട്ട് വീട്ടിലെ
അമ്മയും, രണ്ട് കുട്ടികളും.
പശുവിന്‍റെ പാല്‍
കൊടിക്കുന്ന്‍ അമ്പലത്തില്‍ കൊടുത്ത് ജീവിച്ച കുടുംബം.
പട്ടിണികിടന്ന ഒരു
രാത്രിയില്‍ ഉരുളിയില്‍ ചോറുമായിവന്ന നമ്പൂതിരിയെ പിറ്റേന്ന് തിരഞ്ഞിട്ട്
കണ്ടില്ല.
പിന്നീടാണറിയുന്നത്
കൊടിക്കുന്നത്ത് ഭഗവതി തന്നെയാണ് നമ്പൂതിരിയായി വന്ന് മച്ചിലേക്ക് കയറിപ്പോയത്
എന്ന്‍.
അമ്മക്ക് ഗര്‍ഭം
അലസിപ്പിക്കാന്‍ കൊടുത്ത മരുന്നുകളെ തോല്‍പ്പിച്ചായിരുന്നു എം. ടി. യുടെ ജനനം.
പക്ഷെ, ഈ മരുന്നുകള്‍
കുഞ്ഞിന്‍റെ ആരോഗ്യത്തെ സാരമായി ബാധിച്ചു.
ബാലപീഡകള്‍ , മരുന്നുകള്‍ ,
മന്ത്രങ്ങള്‍....
ക്ഷയിച്ചുപോയ തന്‍റെ
നാലുകെട്ട് വാസുവിന് ഒരു ഉടഞ്ഞ വിഗ്രഹമായിരുന്നു .
പൊട്ടിപൊളിഞ്ഞ ജീര്‍ണിച്ച
കെട്ടിടം പലര്‍ക്കും ബാധ്യതയും !
നാലുകെട്ടിനുള്ളിലെ
മിഥ്യാഭിമാനവും, ഇല്ലായ്മയും, പകിടകളിപോലെ തിരിഞ്ഞും , മറിഞ്ഞും ,പോയ ഓര്‍മകള്‍
,പില്‍ക്കാലത്തെ കഥാസാഗരങ്ങളായി.
അനാരോഗ്യം അലട്ടിയപ്പോഴും, ശ്രീകൃഷ്ണചരിതവും,
മണിപ്രവാളവും ,വാസു കാണാതെ പഠിച്ചു.
ഏകാകിയായ ബാല്യം.
സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കോളര്‍ഷിപ്പ് കിട്ടിയ 70 രൂപ കൊണ്ട് തകഴി,
ബഷീര്‍,എസ്. കെ. പൊറ്റക്കാട് , കേശവദേവ് എന്നിവരുടെ പുസ്തകങ്ങള്‍ വാങ്ങി.
ചങ്ങമ്പുഴയുടെ “രമണന്‍”പ്രിയ
പുസ്തകമായി.
തന്‍റെ അമ്മയുടെ ദേഹത്ത്
കയറിയെന്നു വിശ്വസിച്ച ഈരാറ്റിങ്കല്‍ ഭഗവതിയെ ഇറക്കാന്‍ ഭഗവതിയുടെ പ്രധാന കര്‍മിയായ
മൂപ്പനെ കൊണ്ടുവന്ന രംഗം എം. ടി.യില്‍ “പാതിരാവും പകല്‍വെളിച്ചവും “ എന്ന രചനക്ക്
തുടക്കമായി....
ക്രൂരനായ കാരണവരെ
കോഴിയിറച്ചിയില്‍ വിഷം കൊടുത്തു കൊന്ന മരുമകളും, ഗ്രാമം മുഴുവന്‍ തീരാപ്പകയുമായി
അലഞ്ഞ അയാളുടെ ആത്മാവും , ചങ്ങലയില്‍ ജീവിച്ച വേലായുധനും ,പിന്നീട് “ഇരുട്ടിന്‍റെ
ആത്മാവായി” .
അച്ഛന്‍റെ വിഷുക്കൈനീട്ടം
കാത്തിരുന്ന വാസു കേള്‍ക്കുന്നത് അച്ഛന്‍റെ
മരണവാര്‍ത്തയാണ്.
പിന്നീടൊരിക്കലും
വിഷുക്കൈനീട്ടം ഇല്ലാതെപോയ ബാലന്‍റെ ഓര്‍മകളാണ് വാസു ആദ്യമായി എഴുതിയ പൂര്‍ണകഥ.
നദികളെയും, പുഴകളെയും
,കുറിച്ച് വാസു ഒരുപാട് ആഴത്തില്‍ പഠിച്ചു.
ഓരോ നദിക്കുമുണ്ട് ഓരോ കഥ.
പരമശിവന്‍റെ ജടയില്‍ ഒളിച്ചിരുന്ന ഗംഗ!
ശിവന്‍റെ ധ്യാനത്തില്‍
നിന്നും പിറന്ന നര്‍മദ!
ഗംഗയെ ഭൂമിയിലേക്കൊഴുക്കിയ
ഭഗീരഥന്‍!
അങ്ങനെ നദികളുടെയും,
പുഴകളുടെയും കുറേ കഥകള്‍.
സിലോണില്‍ നിന്നും
വല്ലപ്പോഴും മാത്രം വരുന്ന അച്ഛനെ സ്വീകരിക്കാന്‍ പള്ളിപ്പുറം റെയില്‍വേ
സ്റ്റേഷനില്‍ പോകുന്ന വാസു.
പെട്ടിയിലെ സാമാനങ്ങള്‍
നാട്ടുകാര്‍ക്ക് വീതിച്ചു കഴിയുമ്പോള്‍ വാസുവിനും , സഹോദരനും ഒന്നുമില്ല.
സഹോദരിയില്ലാത്ത കുറവ്
നികത്തിയത് അച്ഛന്‍ പെങ്ങളുടെ മകള്‍ മാധവിക്കുട്ടി ആയിരുന്നു.
അവരുടെ ബാല്യകാല സ്മരണകള്‍
പിന്നീട് ഓപ്പോള്‍ എന്ന കൃതിയായി.
പൂത്തിരിയും, പടക്കങ്ങളും ,
വാസുവിനിഷ്ട്ടമായിരുന്നു.
പക്ഷെ...അതൊക്കെ വാങ്ങിക്കൊടുക്കാന്‍ അമ്മക്ക് പണം
ഇല്ലായിരുന്നു.മനസ്സിന്‍റെ കുന്നിന്‍ ചരിവുകളില്‍ പൂത്തിരി കത്തിച്ചും ,
താഴ്വാരങ്ങളില്‍ പടക്കം പൊട്ടിച്ചും വാസു തന്‍റെ ആഗ്രഹങ്ങള്‍ ഉള്ളില്‍ ഒതുക്കി.
മരണം പൂക്കുന്ന കര്‍ക്കിടകങ്ങളെ
വാസു ഭയന്നു.
ഒരു നല്ല ഓണപ്പുലരി
വരുമെന്ന പ്രത്യാശയോടെ വാസു ഓരോ ദിവസവും ഉറങ്ങി.
സ്വപ്നങ്ങളില്‍
ആവണിപ്പൂന്തെന്നലും, ഉത്രാടപ്പൂനിലാവും, സമ്പല്‍സമൃദ്ധമായ ചിങ്ങപ്പുലരിയുമൊക്കെ
പരന്നൊഴുകി.
ഒടിയന്മാര്‍ പതിയിരിക്കുന്ന
ഗ്രാമക്കുന്നുകളെയും, വേലിപ്പടര്‍പ്പുകളെയും , വാസു ഭയത്തോടെക്കണ്ടു.
ഉദ്വേഗവും ആകാംക്ഷയും ,
ജനിപ്പിക്കുന്ന ഒരു ഒടിയനാകാന്‍ വാസു
കൊതിച്ചു.
ആരോ സമ്മാനിച്ച
ക്യാമറയുമായി ഗ്രാമത്തില്‍ ഓടിനടന്ന് ചിത്രങ്ങള്‍ എടുത്ത വാസു.
പക്ഷെ, വാസുവിന്‍റെ
ഒറ്റചിത്രത്തെയും അച്ഛന്‍ അഭിനന്ദിച്ചില്ല.
പുത്തൂരംവീടിന്‍റെയും ,
ഉണ്ണിയാര്‍ച്ചയുടേയും...
കര്‍ണന്‍റെയും ഭീമന്‍റെയും
......
കര്‍ണന്‍ അനുഭവിച്ച
വ്യഥകളും , ഭീമനോടുള്ള കൌതുകവും ആയിരിക്കാം “രണ്ടാമൂഴ”ത്തിന്‍റെ തന്തു.
പിന്നെ ...
ദുശ്ശാസനന്‍റെ ചോരകുടിച്ച്
, കുടല്‍മാല കഴുത്തിലണിഞ്ഞ ഭീമന്‍.....
തന്‍റെ ദുഃഖങ്ങളുമായി വാസു
ഭീമനെ താരതമ്യം ചെയ്തു.
തമ്പിനുള്ളില്‍
കുടുങ്ങിപ്പോയ സിംഹത്തിനേയും, ആനയേയും, പുലിയേയും കണ്ടു വാസുവിന്‍റെ മനസ്സ് പിടഞ്ഞു. അത് “വളര്‍ത്തുമൃഗങ്ങള്‍” എന്ന
കഥയായി.ജീവിതം എന്ന റിങ്ങില്‍ നിന്നും പുറത്താകുന്ന അഭ്യാസികളുടെ പരാജിതമുഖങ്ങള്‍ വാസുവില്‍ സഹതാപമുണ്ടാക്കി.
ഉദ്ദിഷ്ട്ട കാര്യത്തിനായി
പ്രാര്‍ത്ഥിച്ചാല്‍ മാത്രം വിരിയുന്ന
മലമക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ നീലത്താമരയും പിന്നീട് കഥയായി.
തന്‍റെ കുട്ടി അസുഖം വന്നു
മരിക്കുമ്പോള്‍ ദേവിയെ പുലഭ്യം പറഞ്ഞ് കുന്നിലേക്ക് കയറിപ്പോവുന്ന കോമരം ,
പിന്നീട് വാസു “നിര്‍മാല്യ”മാക്കി.
പകല്‍ മാത്രം സജീവമാകുന്ന
കടത്തുതോണി രാത്രി നിശബ്ദമാകുന്നു.
രാവിരുട്ടിവെളുക്കുന്നത്
വരെ തോണി ഒറ്റക്കാണ്. ആരവങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുന്ന മനുഷ്യമനസ്സാണ് ആ തോണി
എന്ന് വാസുവിന് തോന്നി.
പുഴകള്‍, പാടങ്ങള്‍, പാതകള്‍,പനമരം,പാലപ്പൂ
യക്ഷികള്‍,ബാധകള്‍,ഒക്കെ വാസുവിന്‍റെ കഥാപാത്രങ്ങളായി.
ബാല്യകാലത്ത് ആത്മീയമായും
, ഭൗതികമായും ഒരുപാട് വേദനകള്‍ അനുഭവിച്ച വാസു.
എല്ലാവരില്‍നിന്നും അകന്ന്
ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോയ വാസു.
ദാരിദ്ര്യവും,കഷ്ട്ടപ്പാടും,
വ്യസനങ്ങളും വ്രണപ്പെടുത്തിയ മനസ്സ്.
വിശപ്പ് ഒരു വശത്ത്....
ദുരഭിമാനം മറ്റൊരു വശത്ത്.....
കയ്പ്പുനീര് നല്‍കിയ
ബാല്യം..
മുറ്റത്തെ പുല്‍ചെടിയിലും
,കൊന്നമരത്തിലെ കര്‍ണികാരത്തിലും അമ്മയുടെ സ്നേഹം അറിഞ്ഞ മകന്‍.....
അകത്തളത്തില്‍ അച്ഛനെ
പ്രതീക്ഷിച്ചിരുന്ന അമ്മ.....
അരണ്ടവെളിച്ചത്തില്‍ എഴുതി
, എഴുതി , വളര്‍ന്ന ബാലന്‍.....
അനുഭവങ്ങള്‍ വാസുവിനെ എം.
ടി. ആക്കി.
രണ്ടാമൂഴം രചിച്ച രണ്ടക്ഷരക്കാരന്
ദീര്‍ഘായുസ്സ് നേരുന്നു....
“വാസു “ എഴുതിയ കിഷോറിനു നന്ദി.......
2014 മേയ് 5, തിങ്കളാഴ്‌ച
രാധാലക്ഷ്മിയുടെ ഗന്ധര്‍വന്‍... മലയാളത്തിന്‍റെയും ...............
ഇന്നലെ രാത്രി കൊച്ചിയില്‍
നിന്നും ചെന്നൈയിലേക്ക് മടങ്ങുമ്പോള്‍ പതിവുപോലെ പപ്പയുടെ പുസ്തക ശേഖരത്തില്‍
നിന്നും ചില പുസ്തകങ്ങള്‍ കവര്‍ന്നു.
ഒന്ന്‍ കുങ്കുമം വാരികയുടെ
കിഷോര്‍ എഴുതിയ “വാസു”, ശ്രീ. എം. ടി. വാസുദേവന്‍ നായരുടെ ബാല്യകാലം.
മറ്റൊന്ന്‍ “പദ്മരാജന്‍ - എന്‍റെ ഗന്ധര്‍വന്‍“, പത്നി രാധാലക്ഷ്മിയുടെ ഓര്‍മക്കുറിപ്പുകള്‍.
ഒറ്റയിരുപ്പില്‍ ഒരു
മണിക്കൂര്‍ വിമാനയാത്രയില്‍ വായിച്ചുതീര്‍ത്ത മനോഹര കാവ്യം.
രാധാലക്ഷ്മിയുടെ “തണലിടം”
എന്ന മനോഹരമായ നോവല്‍ വായിച്ച സ്മരണകളുമായാണ് വായന തുടങ്ങിയത്.അതൊരു മറക്കാനാവാത്ത
അനുഭവമായി മാറി.
വര്‍ഷങ്ങള്‍ക്കു മുന്‍പേ
വടക്കുന്നാഥന്‍റെ നാട്ടില്‍ ആകാശവാണിയുടെ കണ്‍ട്രോള്‍ റൂമില്‍ ചുരുണ്ടാമുടിയും,
വെളുത്ത നിറവും, മയങ്ങുന്ന കണ്ണുകളുമായി കടന്നുവന്ന മെല്ലിച്ച ചെറുപ്പക്കാരന്‍റെ
കഥ തുടങ്ങുന്നു....
വേര്‍പാടിന്‍റെ വേദനകളും ,
പിന്നീട് ഒന്നിച്ചതിന്‍റെ പുളകങ്ങളും
നിറഞ്ഞ 26 വര്‍ഷത്തെ ജീവിതം ഇത്ര
മനോഹരമായി വര്‍ണിക്കാന്‍ മനസ്സ് നിറയേ നന്മ വേണം!
സ്നേഹത്തിന്‍റെ ദിവ്യ
സംഗീതമുതിര്‍ത്തുകൊണ്ട് എന്നെ തേടി വടക്കുന്നാഥന്‍റെ നാടിലെത്തിയ എന്‍റെ ഗന്ധര്‍വന്‍
!
ഈ ഭൂമിയില്‍ നിന്‍റെ
കുഴിമാടത്തിനടുത്ത് ഇത്തിരി മണ്ണു കണ്ടെത്തി വിശ്രമിക്കണമെന്നെഴുതിയ ഗന്ധര്‍വന്‍!
നിന്നോടൊപ്പം ജീവിച്ച് നിന്‍റെ
ഓര്‍മകളുമായി മരിക്കുന്ന ദേവന്‍ എന്ന പേരുള്ള മനുഷ്യനാകണമെന്നാണയിട്ട് പറഞ്ഞ
ഗന്ധര്‍വന്‍!
രാത്രി പതിനേഴാമത്തെ കാറ്റ്
വീശിയപ്പോള്‍ , സ്നേഹിച്ചു മതിയാകാതെ, താലോലിച്ചു മതിയാകാതെ , ജീവിച്ചു മതിയാകാതെ, ഏതോ
ഒരു ശാപത്തിന്‍റെ ഊരാക്കുടുക്കില്‍പെട്ടു ഈ ഭൂമിയേയും, സമസ്ത ചരാചരങ്ങളെയും
വിട്ടുപിരിയേണ്ടിവന്ന എന്‍റെ ഗന്ധര്‍വന്‍!
പൊലിഞ്ഞുപോയ എന്‍റെ
സ്വപ്നത്തെപ്പറ്റി ഞാനെന്തെഴുതാന്‍ ?
ജന്മജന്മാന്തരങ്ങളായി
നിങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നു എന്ന ജ്യോത്സ്യന്‍റെ പ്രഖ്യാപനത്തില്‍
നിന്നോ, ആദിമദ്ധ്യാന്ത്യം ഇല്ലാത്ത കഥയായിട്ടോ
, എവിടെ തുടങ്ങണമെന്ന ചോദ്യത്തില്‍ നിന്നാരംഭിക്കുന്നു ഈ ഓര്‍മക്കുറിപ്പുകള്‍ .
ആകാശവാണിയിലെ
സ്ത്രീവിരോധിയായിരുന്ന പദ്മരാജന്‍റെ വാക്കുകള്‍ രാധാലക്ഷ്മി ഓര്‍ക്കുന്നു....
“സ്ത്രീകള്‍ക്ക് ഗര്‍ഭ
പാത്രവും പുരുഷന് തലച്ചോറും നല്‍കിയാണ് ബ്രഹ്മാവ് പടച്ചു വിട്ടത്.”
ഇതേ പദ്മരാജന്‍ എഴുതിയ “ലോല
മില്ഫോര്ഡ് “ വായിച്ചതാണ് ഈ പ്രണയത്തിന് മുകുളമായത്.
സത്യഭാമയും , വെണ്മണി
വിഷ്ണുവും , അടങ്ങുന്ന ആകാശവാണി സുഹൃത്തുക്കളുമായുള്ള ഔദ്യോഗിക ജീവിതം;
പ്രേമത്തിന്‍റെ പേരില്‍ വീട്ടു തടങ്കല്‍ വരേ എത്തിയ നാളുകള്‍, ഒക്കെ മനോഹരമായി വര്‍ണിച്ചിരിക്കുന്നു.
എല്ലാവര്‍ക്കും മരണാനന്തരമാണ്
സ്മാരകമുണ്ടാക്കുന്നതെന്നും, എനിക്ക് പദ്മരാജന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ
സ്മാരകമുണ്ടാക്കിയെന്നും തൂവാനത്തുമ്പികള്‍ കണ്ടു പറഞ്ഞ ഉണ്ണിമേനോന്‍ , വീട്ടിനടുത്തുള്ള
കുളത്തില്‍ മുങ്ങിമരിച്ച വര്‍ക്കി, കാലമാകാതെ പൊലിഞ്ഞുപോയ വിജയന്‍ കാരോട്ടും, തുളസിയുമൊക്കെ,
അദ്ദേഹത്തിന്‍റെ ഉറ്റ ചങ്ങാതികളായിരുന്നു.
പിന്നെ കുറേ പ്രേമത്തിന്‍റെയും
, യുദ്ധങ്ങളുടെയും വിരഹങ്ങളുടെയും,ഒന്നിക്കലിന്‍റെയും നാളുകള്‍.
വടക്കുംനാഥന്‍റെ തൃശൂര്‍
നിന്നും തിരുവനന്തപുരത്തേക്കുള്ള പറിച്ചുനടല്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു
പദ്മരാജന്‍
“ഈ നഗരം എനിക്കിഷ്ട്ടപ്പെട്ടതായിരുന്നു.
കിതക്കുന്ന നഗരം
വ്രീളാമുഖിയായിനില്‍ക്കുന്ന
നഗരം,
നനഞ്ഞൊലിക്കുന്ന നഗരം
നിലാവലിഞ്ഞ ,
ഇരുട്ടുകുത്തിയ,
പ്രഭാത ശോണിമമായ
കത്തിയെരിയുന്ന നഗരം.
ഞാന്‍
വെറുക്കുന്ന,ഭയക്കുന്ന, നശിപ്പിക്കാന്‍ തോന്നുന്ന ആളുകളുള്ള നഗരത്തിലേക്കാണ് എന്‍റെ
യാത്ര.
“ജീവിതത്തിന്‍റെ
വൈവിദ്ധ്യത്തെ ഞാന്‍ സ്നേഹിക്കുന്നു. നോവെല്‍ടി ഇല്ലാത്ത ലോകം എനിക്ക് സങ്കല്പ്പികാനാവില്ല. എന്‍റെ
മനസ്സ് ചഞ്ചലമാണ്.
പക്ഷെ വര്‍ഷങ്ങളോളം കൊണ്ട്
നടക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് തങ്കം എന്ന പെണ്‍കുട്ടിയുടെ സ്നേഹം.”
പിന്നീട് തിരുവനന്തപുരത്തെ
ജീവിതം സാഹിത്യ സദസ്സുകള്‍......
ഒരു ദുഖത്തിന്‍റെ ദിനങ്ങള്‍ , കണ്ണീരുമ്മകള്‍ , ഖാണ്ടവം, കൈകേയി , ഭദ്ര , തുടങ്ങിയ കഥകള്‍
ജനിക്കുന്നു.പ്രേമാര്‍ദ്രമായ ദിനങ്ങള്‍. വികാരം മുറ്റി നില്‍കുന്ന കാവ്യാത്മകമായ
ശൈലിയില്‍ അദേഹം ഏഴുതി;
”ഉരുക്ക് പോലെയുള്ള എന്നാല്‍ ലോലലോലമായുള്ള
താമരയിതളില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ അവന്‍ സ്വസ്ഥമായി , സുഖമായി , ആ ബന്ധനം അനുഭവിക്കുന്നു.പ്രേമവും
ഒരു താമരപ്പൂവാണ്”.
മഹതേശ്വര എന്ന പുരാണത്തിലെ അപ്സരസ് പോലെ ഗന്ധര്‍വന്‍റെ
പുനര്‍ജന്മവും കാത്തു ഞാന്‍ ഇരുന്നു.
1976 ജൂലൈ 1 നു വോളന്‍റെറി റിട്ടയര്‍മെന്റ് എടുത്ത
പദ്മരാജന്‍ മനസ്സുകൊണ്ട് വെറുത്ത ദിനങ്ങള്‍ക്ക് അവസാനം കുറിച്ചു.
എന്‍.ശങ്കരന്‍ നായരുടെ
കയ്യില്‍ നിന്നും വാങ്ങിയ പ്രതിഫലം ഭാഗ്യമായി അദ്ദേഹം കരുതി.
ഫാന്‍റസിയെ എന്നും
സ്നേഹിച്ച പദ്മരാജന്‍ നവോദയ അപ്പച്ചന് വേണ്ടി ചെയ്യാന്‍ എഴുതിയ കുട്ടിച്ചാത്തനാണ് പിന്നീട് “മൈ ഡിയര്‍
കുട്ടിച്ചാത്തന്‍ “ ആയത്.
നക്ഷത്രങ്ങളേ കാവല്‍ എന്ന
ആദ്യ നോവല്‍ ജനിക്കുന്നു.
“പ്രയാണം’ എന്ന മനോഹര
ചിത്രത്തിലൂടെ ഭരതനുമായുള്ള സൗഹൃദം
ആരംഭിക്കുന്നു.
മക്കളായ അനന്തപത്മനാഭനും
,മാധവിക്കുട്ടിയും ജനിക്കുന്നു.
സഹോദരന്‍ പദ്മാക്ഷന്‍
ചേട്ടന്‍റെ മരണം അപ്രതീക്ഷിതമായ ആഘാതമായിരുന്നു.
കറിയാച്ചനുമായുള്ള “പെരുവഴിയമ്പല”ത്തിന്‍റെ
ജനനം.
പദ്മരാജന്‍റെ പെട്ടന്നുള്ള
വളര്‍ച്ച സിനിമാമാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ അങ്കലാപ്പുണ്ടാക്കി.
അവര്‍ അദ്ദേഹത്തെപ്പറ്റി
കഥകള്‍ മെനഞ്ഞു.
“ഒരിടത്തൊരു ഫയല്‍വാന്‍”
ഫെസ്റ്റിവല്‍ ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.
അദ്ദേഹത്തോടൊപ്പം
പാരിസിലേക്കുള്ള യാത്ര ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു.
മഞ്ഞുകാലം നോറ്റ കുതിരയും
പ്രതിമയും രാജകുമാരിയും ജനിക്കുന്നു.രണ്ടു തിരക്കഥകളും ഇന്നലെയും, ഈ തണുത്ത
വെളുപ്പാന്‍കാലത്തും.
1987 ല്‍ ഉദകപ്പോള എന്ന കഥ
തൂവാനത്തുമ്പികളാകുന്നു.
ഒ.എന്‍. വി.കുറുപ്പിന് പകരം
, ശ്രീകുമാരന്‍ തമ്പിയും, പെരുമ്പാവൂര്‍
ജി.രവീന്ദ്രനാഥ് സംഗീതവും കൈകാര്യം
ചെയ്യുന്നു.
പെരുവഴിയമ്പലം മുതല്‍
കരിയിലക്കാറ്റുപോലെ വരെ സഹായിയായി നിന്ന തോപ്പില്‍ ഭാസിയുടെ മകന്‍ അജയനെയും,
ഉറ്റസുഹൃത്തായ ഹരിപ്പോത്തനുമായുള്ള സൗഹൃദസന്ധ്യകളും നമുക്ക് വര്ണ വിസ്മയമായ ഓര്‍മകള്‍
സമ്മാനിക്കുന്നു.
1989 അവസാനിക്കുമ്പോഴാണ്
അന്നത്തെ പ്രമുഖ നിര്‍മാതാവ് മണ്ണില്‍മൊഹമ്മദ് ഒരു സിനിമക്കായി സമീപിക്കുന്നതും
ഞാന്‍ ഗന്ധര്‍വന്‍ ആരംഭിക്കുന്നതും .ഗന്ധര്‍വനെ തൊട്ടുകളിക്കരുതെന്ന്‍ പലരും
ഉപദേശിച്ചു.ദുശ്ശകുനങ്ങളുടെ ഘോഷയാത്ര.
ഫാന്‍റസിയുടെ കൂട്ടുകാരന്‍
ഇത്തവണ ഗന്ധര്‍വന്‍റെ തിരക്കഥയില്‍ സൂപ്പര്‍ നാച്ചുറല്‍ ശക്തികളുടെ സംഭാഷണങ്ങള്‍
ചേര്‍ത്തു.
മഹതമിശ്ര നരകത്തിലെ വിഷ ശൂലങ്ങളും ,സര്‍പ്പങ്ങളും ചോര വഴുക്കുന്ന തറയും ഗന്ധര്‍വന് വേണ്ടി ദാഹിച്ചു നില്‍ക്കുന്നു.
ഒരേ ഒരു പോംവഴി ത്രികാലജ്ഞനായ നിന്‍റെ പിതാവ് നിന്നെ
അറിയിക്കുന്നു. “നിന്‍റെ പാതിയാവാന്‍
വെമ്പി നില്‍ക്കുന്ന ഭൂമിദേവിയുടെ ഉള്ളില്‍ നിന്ന് നിന്‍റെ ഓര്‍മയും, നിന്‍റെ ഉള്ളില്‍ നിന്ന് അവളുടെ ഓര്‍മയും മായ്ച്ചു
കളഞ്ഞിട്ട്, ഭൂമിയും സ്വര്‍ഗ്ഗവും തമ്മിലുള്ള ബന്ധം അറുത്തിട്ട് അവിടെ നിന്നും
യാത്ര ആരംഭിച്ചാല്‍ നിന്‍റെ ശിക്ഷകളുടെ
കാഠിന്യം കുറഞ്ഞു കിട്ടും”.
“സൂര്യപ്രകാശമുള്ള
പകലുകളില്‍ ഇനി നീ ഇല്ല...!
പകലുകള്‍ നിന്നില്‍ നിന്ന്‍ ചോര്‍ത്തി
കളഞ്ഞിരിക്കുന്നു !
ചന്ദ്ര സ്പര്‍ശമുള്ള രാത്രികളും !
നിനക്കുള്ളത് ഇന്നത്തെ
രാത്രി മാത്രം !
രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശുമ്പോള്‍ നീ ഈ ഭൂമിയില്‍ നിന്ന്‍ യാത്രയാകും !
ഒരിക്കലും ഒരു തിരിച്ചു
വരവില്ലാത്ത യാത്ര !
ഒന്നിനും നിന്നെ തിരിച്ചു വിളിക്കാനാവില്ല
!
നീ സമ്മാനിച്ച രുദ്രാക്ഷം
ഇനി അവളുടെ കഴുത്തില്‍ ശക്തിഹീനമായ പഴങ്കല്ല് ! “
വരാന്‍ പോകുന്ന
വിപത്തിനെപ്പറ്റി തെല്ലുപോലും ആശങ്കയില്ലാതെ രാധാലക്ഷ്മിയും , മകനും ഈ തിരക്കഥ
കേട്ടിരുന്നു.
പതിവില്‍ നിന്നും വിട്ട്
അദ്ദേഹം ഈ സംഭാഷണങ്ങള്‍ മുഴുവനും സ്വന്തം ശബ്ദത്തില്‍ ടേപ്പ് ല്‍ ആക്കി.
ദുശ്ശകുനങ്ങള്‍
തുടരുന്നു............
ഷൂട്ടിംഗ് ലോക്കേഷനില്‍
ഒട്ടേറെ അപകടങ്ങള്‍.
നായകന്‍ നിതീഷിന്‍റെയും , നായിക സുപര്‍ണയുടെയും
പ്രശ്നങ്ങള്‍, അങ്ങനെ പലതും.
പൂജകള്‍ക്ക് പിന്നാലെ
പൂജകള്‍ , മൂകാംബികാ ദര്‍ശനം !
1991 ജനുവരി 1 നു പദ്മരാജന്‍റെ ശരീരം മെലിഞ്ഞതായും, മുഖം വളരെ
വെളുത്തിരുന്നതായും രാധാലക്ഷ്മി കണ്ടു.
ജനുവരി 11
“ഞാന്‍ ഗന്ധര്‍വന്‍” തീയറ്ററുകളില്‍ എത്തി.
അവസാനത്തെ രണ്ടാഴ്ച അദ്ദേഹം
കുട്ടികള്‍ക്കൊപ്പം ചിലവഴിച്ചു.
നഗരത്തിന്‍റെ
കള്ളത്തരങ്ങളില്‍ അടിമപ്പെടാത്ത നിഷ്കളങ്കരായ മനുഷ്യരുടെ, സ്നേഹത്തിന്‍റെ
മാധുര്യത്തിന് വേണ്ടി അവസാന നാളുകളില്‍ അദ്ദേഹം കൊതിച്ചു.
കിളികളും, മുയലുകളും,
അണ്ണാരക്കണ്ണനും, ഒക്കെയുള്ള അദ്ദേഹം ഇഷ്ട്ടപ്പെട്ട ലോകം .
സിനിമയുടെ ലോകത്തില്‍
നിന്നോടിയോളിച്ചു സാഹിത്യത്തിന്‍റെ ലോകത്തേക്കെത്താന്‍ അദ്ദേഹത്തിന്‍റെ
അന്തരാത്മാവ് വെമ്പുന്നുണ്ടായിരുന്നു.
എല്ലാറ്റില്‍ നിന്നും
അകന്നു പ്രകൃതിയില്‍ ലയിക്കാന്‍ അദ്ദേഹത്തിനു ധൃതിയായിരുന്നുവോ ?”
ഗന്ധര്‍വന്‍ പ്രദര്‍ശിപ്പിക്കുന്ന
തീയറ്ററുകളില്‍ ഒരു യാത്രക്കായി പദ്മരാജനും, ഗുഡ് നൈറ്റ് മോഹനനും, നിതീഷും
ഒരുങ്ങുന്നു. മകള്‍ മാധവിക്കുട്ടി ആര്‍ട്സ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കാന്‍
വയലാറിന്‍റെ “ ആത്മാവില്‍ ഒരു ചിത” തിരഞ്ഞെടുത്തതും അറം പറ്റിയോ ?
ജനുവരി 24
തന്‍റെ ഗന്ധര്‍വന്‍
മരിച്ചെന്ന വാര്‍ത്ത രാധാലക്ഷ്മിയുടെ ചെവിയിലെത്തുന്നു.
ഓര്‍മ്മക്കുറിപ്പുകള്‍
അവസാനിപ്പിക്കുന്ന ഭാഗം ആയപ്പോഴേക്കും എന്‍റെ വിമാനം ചെന്നൈയില്‍ ലാന്‍ഡ്
ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.
കാബിനിലെ വിളക്കുകള്‍
അണയുന്ന സമയമായത് കൊണ്ട് എന്‍റെ കണ്ണുകള്‍
നിറഞ്ഞത് ആരും ശ്രദ്ധിച്ചില്ല .
“പിന്നീടെന്‍റെ പ്രജ്ഞ ഉണര്‍ന്നത്
മുതുകുളത്തേക്കുള്ള യാത്രയില്‍ എങ്ങോ
നിന്നെന്‍റെ മടിയില്‍ വന്നു വീണ ഷട്ടില്‍ കോക്കിന്‍റെ വെണ്മയിലാണ്.
ഞാന്‍ ഞെട്ടിയുണരുമ്പോള്‍ എന്‍റെ
ഇരുവശവും ആരൊക്കെയോ! ഡോറിന്‍റെ ഗ്ലാസ്
മുകള്‍ ഭാഗവും ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു.
പുറത്തു പൊള്ളുന്ന വെയില്‍,
റോഡിനിരുവശവും കൊഴുത്തു വളരുന്ന അക്കേഷ്യ മരങ്ങള്‍ .
എവിടെ
നിന്നെത്തിയെന്നറിയാതെ കൃത്യം എന്‍റെ മടിയില്‍ വന്നു വീണ ഫെതര്‍ കോക്ക് എല്ലാവര്‍ക്കും
അത്ഭുതമായി!
കാറ്റിലൂടെ അദ്ദേഹത്തിന്‍റെ
സ്വരം എന്‍റെ കാതുകളില്‍ വന്നു വീഴുന്നതായി എനിക്ക് തോന്നി.
ആ ശബ്ദത്തില്‍ സാന്ത്വനവും പ്രേമവും
ഇടകലര്‍ന്നിരുന്നു.
“തങ്കം ! കരയണ്ട.ഞാന്‍
കൂടെത്തന്നെയുണ്ട് !
എപ്പോഴും കളിച്ചു കൊണ്ടിരിക്കാനല്ലേ ആഗ്രഹം ?
ഇതാ ഒരു കോക്ക് !
നമ്മുടെ പുതിയ പുരയിടത്തില്‍
കോര്‍ട്ട് ഇട്ടു കളിച്ചോളു.
ആ ശബ്ദം ഒരു നിമിഷത്തേക്ക്
എന്‍റെ ഉള്ളില്‍ നിര്‍വൃതിയുടേതായ ഒരു കണിക ഉതിര്‍ത്തു.
പിന്നീടതെന്നെ ഭ്രാന്ത്
പിടിപ്പിച്ചു;
വീണ്ടും ഞാനാ ശബ്ദം കേട്ടു.
ഇത്തവണ അത് വേറെ ഏതോ
ലോകത്തില്‍ നിന്നായിരുന്നു.
ആ ശബ്ദത്തിന്‍റെ
മാസ്മരികതയില്‍ ലയിച്ചു ഞാനിരുന്നു.”
“ഞാന്‍ ഗന്ധര്‍വന്‍ !
ചിത്രശലഭമാകാനും ,
മേഘമാലകളാകാനും,
പാവയാകാനും,
പറവയാകാനും,
മാനാകാനും ,
മനുഷ്യനാകാനും ,
നിന്‍റെ ചുണ്ടിന്‍റെ മുത്തമാകാനും
നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി!”
ഈ പുസ്തകം രാധാലക്ഷ്മി സമര്‍പ്പിക്കുന്നത്
പദ്മരാജന്‍ എന്ന ഗന്ധര്‍വനെ അവര്‍ക്ക് വിട്ടു കൊടുത്ത പപ്പേട്ടന്‍റെ അമ്മ
ദേവകിയമ്മക്കും , കൂടപ്പിറപ്പുകള്‍ക്കുമാണ്.
ഇതൊരു സാഹിത്യ സൃഷ്ടിയല്ല.
ചിതറിപ്പോയ കുറേ ഓര്‍മ്മകള്‍ മാത്രം.
എല്ലാ വരികളിലും നിറഞ്ഞു
നില്‍ക്കുന്ന ഗന്ധര്‍വനെ നമുക്ക് കാണാന്‍ കഴിഞ്ഞെങ്കില്‍ ......!!!!! രാധാലക്ഷ്മി സംതൃപ്തയാണ്!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
.jpg)

