2014, മേയ് 5, തിങ്കളാഴ്‌ച

രാധാലക്ഷ്മിയുടെ ഗന്ധര്‍വന്‍... മലയാളത്തിന്‍റെയും ...............



ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് മടങ്ങുമ്പോള്‍ പതിവുപോലെ പപ്പയുടെ പുസ്തക ശേഖരത്തില്‍ നിന്നും ചില പുസ്തകങ്ങള്‍ കവര്‍ന്നു.

ഒന്ന്‍ കുങ്കുമം വാരികയുടെ കിഷോര്‍ എഴുതിയ “വാസു”, ശ്രീ. എം. ടി. വാസുദേവന്‍‌ നായരുടെ ബാല്യകാലം.




 ആ ചെറിയ പുസ്തകം കൊച്ചി എയര്‍പോര്‍ട്ട് ലോഞ്ചില്‍ വച്ച്  തന്നെ വായിച്ചു തീര്‍ത്തു.

മറ്റൊന്ന്‍ “പദ്മരാജന്‍ - എന്‍റെ ഗന്ധര്‍വന്‍“, പത്നി രാധാലക്ഷ്മിയുടെ ഓര്‍മക്കുറിപ്പുകള്‍.

ഒറ്റയിരുപ്പില്‍ ഒരു മണിക്കൂര്‍ വിമാനയാത്രയില്‍ വായിച്ചുതീര്‍ത്ത മനോഹര കാവ്യം.

രാധാലക്ഷ്മിയുടെ “തണലിടം” എന്ന മനോഹരമായ നോവല്‍ വായിച്ച സ്മരണകളുമായാണ് വായന തുടങ്ങിയത്.അതൊരു മറക്കാനാവാത്ത അനുഭവമായി മാറി.

വര്‍ഷങ്ങള്‍ക്കു മുന്‍പേ വടക്കുന്നാഥന്‍റെ നാട്ടില്‍ ആകാശവാണിയുടെ കണ്‍ട്രോള്‍ റൂമില്‍ ചുരുണ്ടാമുടിയും, വെളുത്ത നിറവും, മയങ്ങുന്ന കണ്ണുകളുമായി കടന്നുവന്ന മെല്ലിച്ച ചെറുപ്പക്കാരന്‍റെ കഥ തുടങ്ങുന്നു....

വേര്‍പാടിന്‍റെ വേദനകളും , പിന്നീട് ഒന്നിച്ചതിന്‍റെ  പുളകങ്ങളും നിറഞ്ഞ 26  വര്‍ഷത്തെ ജീവിതം ഇത്ര മനോഹരമായി വര്‍ണിക്കാന്‍ മനസ്സ് നിറയേ നന്മ വേണം!

സ്നേഹത്തിന്‍റെ ദിവ്യ സംഗീതമുതിര്‍ത്തുകൊണ്ട് എന്നെ തേടി വടക്കുന്നാഥന്‍റെ നാടിലെത്തിയ എന്‍റെ ഗന്ധര്‍വന്‍ !

ഈ ഭൂമിയില്‍ നിന്‍റെ കുഴിമാടത്തിനടുത്ത് ഇത്തിരി മണ്ണു കണ്ടെത്തി വിശ്രമിക്കണമെന്നെഴുതിയ ഗന്ധര്‍വന്‍!

നിന്നോടൊപ്പം ജീവിച്ച് നിന്‍റെ ഓര്‍മകളുമായി മരിക്കുന്ന ദേവന്‍ എന്ന പേരുള്ള മനുഷ്യനാകണമെന്നാണയിട്ട് പറഞ്ഞ ഗന്ധര്‍വന്‍!
രാത്രി പതിനേഴാമത്തെ കാറ്റ് വീശിയപ്പോള്‍ , സ്നേഹിച്ചു മതിയാകാതെ, താലോലിച്ചു മതിയാകാതെ , ജീവിച്ചു മതിയാകാതെ, ഏതോ ഒരു ശാപത്തിന്‍റെ ഊരാക്കുടുക്കില്‍പെട്ടു ഈ ഭൂമിയേയും, സമസ്ത ചരാചരങ്ങളെയും വിട്ടുപിരിയേണ്ടിവന്ന എന്‍റെ ഗന്ധര്‍വന്‍!

പൊലിഞ്ഞുപോയ എന്‍റെ സ്വപ്നത്തെപ്പറ്റി ഞാനെന്തെഴുതാന്‍ ?
ജന്മജന്മാന്തരങ്ങളായി നിങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നു എന്ന ജ്യോത്സ്യന്‍റെ പ്രഖ്യാപനത്തില്‍ നിന്നോ, ആദിമദ്ധ്യാന്ത്യം  ഇല്ലാത്ത കഥയായിട്ടോ , എവിടെ തുടങ്ങണമെന്ന ചോദ്യത്തില്‍ നിന്നാരംഭിക്കുന്നു ഈ ഓര്‍മക്കുറിപ്പുകള്‍ .

ആകാശവാണിയിലെ സ്ത്രീവിരോധിയായിരുന്ന പദ്മരാജന്‍റെ വാക്കുകള്‍ രാധാലക്ഷ്മി ഓര്‍ക്കുന്നു....

“സ്ത്രീകള്‍ക്ക് ഗര്‍ഭ പാത്രവും പുരുഷന് തലച്ചോറും നല്‍കിയാണ്‌ ബ്രഹ്മാവ്‌ പടച്ചു വിട്ടത്.”

ഇതേ പദ്മരാജന്‍ എഴുതിയ “ലോല മില്ഫോര്ഡ് “ വായിച്ചതാണ് ഈ പ്രണയത്തിന് മുകുളമായത്.

സത്യഭാമയും , വെണ്മണി വിഷ്ണുവും , അടങ്ങുന്ന ആകാശവാണി സുഹൃത്തുക്കളുമായുള്ള ഔദ്യോഗിക ജീവിതം; പ്രേമത്തിന്‍റെ പേരില്‍ വീട്ടു തടങ്കല്‍ വരേ എത്തിയ നാളുകള്‍, ഒക്കെ മനോഹരമായി വര്‍ണിച്ചിരിക്കുന്നു.

എല്ലാവര്‍ക്കും മരണാനന്തരമാണ്‌ സ്മാരകമുണ്ടാക്കുന്നതെന്നും, എനിക്ക് പദ്മരാജന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്മാരകമുണ്ടാക്കിയെന്നും തൂവാനത്തുമ്പികള്‍ കണ്ടു പറഞ്ഞ ഉണ്ണിമേനോന്‍ , വീട്ടിനടുത്തുള്ള കുളത്തില്‍ മുങ്ങിമരിച്ച വര്‍ക്കി, കാലമാകാതെ പൊലിഞ്ഞുപോയ വിജയന്‍ കാരോട്ടും, തുളസിയുമൊക്കെ, അദ്ദേഹത്തിന്‍റെ ഉറ്റ ചങ്ങാതികളായിരുന്നു.
പിന്നെ കുറേ പ്രേമത്തിന്‍റെയും , യുദ്ധങ്ങളുടെയും വിരഹങ്ങളുടെയും,ഒന്നിക്കലിന്‍റെയും നാളുകള്‍.

വടക്കുംനാഥന്‍റെ തൃശൂര്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പറിച്ചുനടല്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു പദ്മരാജന്‍

 “ഈ നഗരം എനിക്കിഷ്ട്ടപ്പെട്ടതായിരുന്നു.

കിതക്കുന്ന നഗരം

വ്രീളാമുഖിയായിനില്‍ക്കുന്ന നഗരം,

നനഞ്ഞൊലിക്കുന്ന നഗരം

നിലാവലിഞ്ഞ ,

ഇരുട്ടുകുത്തിയ,

പ്രഭാത ശോണിമമായ 

 കത്തിയെരിയുന്ന നഗരം.

ഞാന്‍ വെറുക്കുന്ന,ഭയക്കുന്ന, നശിപ്പിക്കാന്‍ തോന്നുന്ന ആളുകളുള്ള നഗരത്തിലേക്കാണ് എന്‍റെ യാത്ര.

“ജീവിതത്തിന്‍റെ വൈവിദ്ധ്യത്തെ ഞാന്‍ സ്നേഹിക്കുന്നു. നോവെല്‍ടി  ഇല്ലാത്ത ലോകം എനിക്ക് സങ്കല്പ്പികാനാവില്ല. എന്‍റെ മനസ്സ് ചഞ്ചലമാണ്.

പക്ഷെ വര്‍ഷങ്ങളോളം കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് തങ്കം എന്ന പെണ്‍കുട്ടിയുടെ സ്നേഹം.”

പിന്നീട് തിരുവനന്തപുരത്തെ ജീവിതം സാഹിത്യ സദസ്സുകള്‍......
ഒരു ദുഖത്തിന്‍റെ ദിനങ്ങള്‍ , കണ്ണീരുമ്മകള്‍ , ഖാണ്ടവം, കൈകേയി , ഭദ്ര  , തുടങ്ങിയ കഥകള്‍ ജനിക്കുന്നു.പ്രേമാര്‍ദ്രമായ ദിനങ്ങള്‍. വികാരം മുറ്റി നില്‍കുന്ന കാവ്യാത്മകമായ ശൈലിയില്‍ അദേഹം ഏഴുതി;

 ”ഉരുക്ക് പോലെയുള്ള എന്നാല്‍ ലോലലോലമായുള്ള താമരയിതളില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ അവന്‍ സ്വസ്ഥമായി , സുഖമായി  , ആ ബന്ധനം അനുഭവിക്കുന്നു.പ്രേമവും ഒരു താമരപ്പൂവാണ്”.

 മഹതേശ്വര എന്ന പുരാണത്തിലെ അപ്സരസ് പോലെ ഗന്ധര്‍വന്‍റെ പുനര്‍ജന്മവും കാത്തു ഞാന്‍ ഇരുന്നു.

1976  ജൂലൈ 1 നു വോളന്‍റെറി റിട്ടയര്‍മെന്റ് എടുത്ത പദ്മരാജന്‍ മനസ്സുകൊണ്ട് വെറുത്ത ദിനങ്ങള്‍ക്ക് അവസാനം കുറിച്ചു.
എന്‍.ശങ്കരന്‍ നായരുടെ കയ്യില്‍ നിന്നും വാങ്ങിയ പ്രതിഫലം ഭാഗ്യമായി അദ്ദേഹം കരുതി.

ഫാന്‍റസിയെ എന്നും സ്നേഹിച്ച പദ്മരാജന്‍ നവോദയ അപ്പച്ചന് വേണ്ടി ചെയ്യാന്‍  എഴുതിയ കുട്ടിച്ചാത്തനാണ് പിന്നീട് “മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ “ ആയത്.

നക്ഷത്രങ്ങളേ കാവല്‍ എന്ന ആദ്യ നോവല്‍ ജനിക്കുന്നു.

“പ്രയാണം’ എന്ന മനോഹര ചിത്രത്തിലൂടെ ഭരതനുമായുള്ള  സൗഹൃദം ആരംഭിക്കുന്നു.

മക്കളായ അനന്തപത്മനാഭനും ,മാധവിക്കുട്ടിയും ജനിക്കുന്നു.
സഹോദരന്‍ പദ്മാക്ഷന്‍ ചേട്ടന്‍റെ മരണം അപ്രതീക്ഷിതമായ ആഘാതമായിരുന്നു.

കറിയാച്ചനുമായുള്ള “പെരുവഴിയമ്പല”ത്തിന്‍റെ ജനനം.

പദ്മരാജന്‍റെ പെട്ടന്നുള്ള വളര്‍ച്ച സിനിമാമാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ അങ്കലാപ്പുണ്ടാക്കി.

അവര്‍ അദ്ദേഹത്തെപ്പറ്റി കഥകള്‍ മെനഞ്ഞു.

“ഒരിടത്തൊരു ഫയല്‍വാന്‍” ഫെസ്റ്റിവല്‍ ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.

അദ്ദേഹത്തോടൊപ്പം പാരിസിലേക്കുള്ള യാത്ര ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു.

മഞ്ഞുകാലം നോറ്റ കുതിരയും പ്രതിമയും രാജകുമാരിയും ജനിക്കുന്നു.രണ്ടു തിരക്കഥകളും ഇന്നലെയും, ഈ തണുത്ത വെളുപ്പാന്‍കാലത്തും.

1987 ല്‍ ഉദകപ്പോള എന്ന കഥ തൂവാനത്തുമ്പികളാകുന്നു.

ഒ.എന്‍. വി.കുറുപ്പിന് പകരം , ശ്രീകുമാരന്‍ തമ്പിയും,   പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ്  സംഗീതവും കൈകാര്യം ചെയ്യുന്നു.

പെരുവഴിയമ്പലം മുതല്‍ കരിയിലക്കാറ്റുപോലെ വരെ സഹായിയായി നിന്ന തോപ്പില്‍ ഭാസിയുടെ മകന്‍ അജയനെയും, ഉറ്റസുഹൃത്തായ ഹരിപ്പോത്തനുമായുള്ള സൗഹൃദസന്ധ്യകളും നമുക്ക് വര്ണ വിസ്മയമായ ഓര്‍മകള്‍ സമ്മാനിക്കുന്നു.

1989 അവസാനിക്കുമ്പോഴാണ് അന്നത്തെ പ്രമുഖ നിര്‍മാതാവ് മണ്ണില്‍മൊഹമ്മദ്‌ ഒരു സിനിമക്കായി സമീപിക്കുന്നതും ഞാന്‍ ഗന്ധര്‍വന്‍ ആരംഭിക്കുന്നതും .ഗന്ധര്‍വനെ തൊട്ടുകളിക്കരുതെന്ന്‍ പലരും ഉപദേശിച്ചു.ദുശ്ശകുനങ്ങളുടെ ഘോഷയാത്ര.

ഫാന്‍റസിയുടെ കൂട്ടുകാരന്‍ ഇത്തവണ ഗന്ധര്‍വന്‍റെ തിരക്കഥയില്‍ സൂപ്പര്‍ നാച്ചുറല്‍ ശക്തികളുടെ സംഭാഷണങ്ങള്‍ ചേര്‍ത്തു.

മഹതമിശ്ര  നരകത്തിലെ വിഷ ശൂലങ്ങളും ,സര്‍പ്പങ്ങളും  ചോര വഴുക്കുന്ന തറയും ഗന്ധര്‍വന്  വേണ്ടി ദാഹിച്ചു നില്‍ക്കുന്നു.

ഒരേ ഒരു പോംവഴി  ത്രികാലജ്ഞനായ നിന്‍റെ പിതാവ് നിന്നെ അറിയിക്കുന്നു. “നിന്‍റെ  പാതിയാവാന്‍ വെമ്പി നില്‍ക്കുന്ന ഭൂമിദേവിയുടെ ഉള്ളില്‍ നിന്ന് നിന്‍റെ  ഓര്‍മയും, നിന്‍റെ  ഉള്ളില്‍ നിന്ന് അവളുടെ ഓര്‍മയും മായ്ച്ചു കളഞ്ഞിട്ട്‌, ഭൂമിയും സ്വര്‍ഗ്ഗവും തമ്മിലുള്ള ബന്ധം അറുത്തിട്ട്‌ അവിടെ നിന്നും യാത്ര ആരംഭിച്ചാല്‍ നിന്‍റെ  ശിക്ഷകളുടെ കാഠിന്യം കുറഞ്ഞു കിട്ടും”.

“സൂര്യപ്രകാശമുള്ള പകലുകളില്‍ ഇനി നീ ഇല്ല...!

 പകലുകള്‍ നിന്നില്‍ നിന്ന്‍ ചോര്‍ത്തി കളഞ്ഞിരിക്കുന്നു !

 ചന്ദ്ര സ്പര്‍ശമുള്ള രാത്രികളും !

നിനക്കുള്ളത് ഇന്നത്തെ രാത്രി മാത്രം !

 രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശുമ്പോള്‍  നീ ഈ ഭൂമിയില്‍ നിന്ന്‍ യാത്രയാകും !

ഒരിക്കലും ഒരു തിരിച്ചു വരവില്ലാത്ത യാത്ര !

ഒന്നിനും നിന്നെ തിരിച്ചു വിളിക്കാനാവില്ല !

നീ സമ്മാനിച്ച രുദ്രാക്ഷം ഇനി അവളുടെ കഴുത്തില്‍ ശക്തിഹീനമായ പഴങ്കല്ല് ! “

വരാന്‍ പോകുന്ന വിപത്തിനെപ്പറ്റി തെല്ലുപോലും ആശങ്കയില്ലാതെ രാധാലക്ഷ്മിയും , മകനും ഈ തിരക്കഥ കേട്ടിരുന്നു.

പതിവില്‍ നിന്നും വിട്ട് അദ്ദേഹം ഈ സംഭാഷണങ്ങള്‍ മുഴുവനും സ്വന്തം ശബ്ദത്തില്‍ ടേപ്പ് ല്‍ ആക്കി.

ദുശ്ശകുനങ്ങള്‍ തുടരുന്നു............

ഷൂട്ടിംഗ് ലോക്കേഷനില്‍ ഒട്ടേറെ അപകടങ്ങള്‍.

 നായകന്‍ നിതീഷിന്‍റെയും , നായിക സുപര്‍ണയുടെയും പ്രശ്നങ്ങള്‍, അങ്ങനെ പലതും.

പൂജകള്‍ക്ക് പിന്നാലെ പൂജകള്‍ , മൂകാംബികാ ദര്‍ശനം !

1991 ജനുവരി 1 നു പദ്മരാജന്‍റെ  ശരീരം മെലിഞ്ഞതായും, മുഖം വളരെ വെളുത്തിരുന്നതായും രാധാലക്ഷ്മി കണ്ടു.

ജനുവരി 11

“ഞാന്‍  ഗന്ധര്‍വന്‍” തീയറ്ററുകളില്‍ എത്തി.

അവസാനത്തെ രണ്ടാഴ്ച അദ്ദേഹം കുട്ടികള്‍ക്കൊപ്പം ചിലവഴിച്ചു.

നഗരത്തിന്‍റെ കള്ളത്തരങ്ങളില്‍ അടിമപ്പെടാത്ത നിഷ്കളങ്കരായ മനുഷ്യരുടെ, സ്നേഹത്തിന്‍റെ മാധുര്യത്തിന് വേണ്ടി അവസാന നാളുകളില്‍ അദ്ദേഹം കൊതിച്ചു.

കിളികളും, മുയലുകളും, അണ്ണാരക്കണ്ണനും, ഒക്കെയുള്ള അദ്ദേഹം ഇഷ്ട്ടപ്പെട്ട ലോകം .

സിനിമയുടെ ലോകത്തില്‍ നിന്നോടിയോളിച്ചു സാഹിത്യത്തിന്‍റെ ലോകത്തേക്കെത്താന്‍ അദ്ദേഹത്തിന്‍റെ അന്തരാത്മാവ് വെമ്പുന്നുണ്ടായിരുന്നു.

എല്ലാറ്റില്‍ നിന്നും അകന്നു പ്രകൃതിയില്‍ ലയിക്കാന്‍ അദ്ദേഹത്തിനു ധൃതിയായിരുന്നുവോ ?”

ഗന്ധര്‍വന്‍ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ ഒരു യാത്രക്കായി പദ്മരാജനും, ഗുഡ് നൈറ്റ് മോഹനനും, നിതീഷും ഒരുങ്ങുന്നു. മകള്‍ മാധവിക്കുട്ടി ആര്‍ട്സ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കാന്‍ വയലാറിന്‍റെ “ ആത്മാവില്‍ ഒരു ചിത” തിരഞ്ഞെടുത്തതും അറം പറ്റിയോ ?

ജനുവരി 24

തന്‍റെ ഗന്ധര്‍വന്‍ മരിച്ചെന്ന വാര്‍ത്ത രാധാലക്ഷ്മിയുടെ ചെവിയിലെത്തുന്നു.

ഓര്‍മ്മക്കുറിപ്പുകള്‍‍ അവസാനിപ്പിക്കുന്ന ഭാഗം ആയപ്പോഴേക്കും എന്‍റെ വിമാനം ചെന്നൈയില്‍ ലാന്‍ഡ്‌ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.

കാബിനിലെ വിളക്കുകള്‍ അണയുന്ന സമയമായത് കൊണ്ട്  എന്‍റെ കണ്ണുകള്‍ നിറഞ്ഞത്‌ ആരും ശ്രദ്ധിച്ചില്ല .

“പിന്നീടെന്‍റെ പ്രജ്ഞ ഉണര്‍ന്നത് മുതുകുളത്തേക്കുള്ള  യാത്രയില്‍ എങ്ങോ നിന്നെന്‍റെ മടിയില്‍ വന്നു വീണ ഷട്ടില്‍ കോക്കിന്‍റെ വെണ്മയിലാണ്.

ഞാന്‍ ഞെട്ടിയുണരുമ്പോള്‍ എന്‍റെ ഇരുവശവും ആരൊക്കെയോ! ഡോറിന്‍റെ  ഗ്ലാസ്‌ മുകള്‍ ഭാഗവും ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു.

പുറത്തു പൊള്ളുന്ന വെയില്‍, റോഡിനിരുവശവും കൊഴുത്തു വളരുന്ന അക്കേഷ്യ മരങ്ങള്‍ .

എവിടെ നിന്നെത്തിയെന്നറിയാതെ കൃത്യം എന്‍റെ മടിയില്‍ വന്നു വീണ ഫെതര്‍ കോക്ക് എല്ലാവര്‍ക്കും അത്ഭുതമായി!

കാറ്റിലൂടെ അദ്ദേഹത്തിന്‍റെ സ്വരം എന്‍റെ കാതുകളില്‍ വന്നു വീഴുന്നതായി എനിക്ക് തോന്നി.

ആ ശബ്ദത്തില്‍ സാന്ത്വനവും പ്രേമവും ഇടകലര്‍ന്നിരുന്നു.

“തങ്കം ! കരയണ്ട.ഞാന്‍ കൂടെത്തന്നെയുണ്ട്‌ !

 എപ്പോഴും കളിച്ചു കൊണ്ടിരിക്കാനല്ലേ ആഗ്രഹം ?

ഇതാ ഒരു കോക്ക് !

നമ്മുടെ പുതിയ പുരയിടത്തില്‍ കോര്‍ട്ട് ഇട്ടു കളിച്ചോളു.

ആ ശബ്ദം ഒരു നിമിഷത്തേക്ക് എന്‍റെ ഉള്ളില്‍ നിര്‍വൃതിയുടേതായ ഒരു കണിക ഉതിര്‍ത്തു.

പിന്നീടതെന്നെ ഭ്രാന്ത് പിടിപ്പിച്ചു;

വീണ്ടും ഞാനാ ശബ്ദം കേട്ടു.

ഇത്തവണ അത് വേറെ ഏതോ ലോകത്തില്‍ നിന്നായിരുന്നു.

ആ ശബ്ദത്തിന്‍റെ മാസ്മരികതയില്‍ ലയിച്ചു ഞാനിരുന്നു.”

“ഞാന്‍ ഗന്ധര്‍വന്‍ !

ചിത്രശലഭമാകാനും ,

 മേഘമാലകളാകാനും,

പാവയാകാനും,

പറവയാകാനും,

 മാനാകാനും ,

മനുഷ്യനാകാനും ,

നിന്‍റെ  ചുണ്ടിന്‍റെ മുത്തമാകാനും

 നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി!”

പുസ്തകം രാധാലക്ഷ്മി സമര്‍പ്പിക്കുന്നത് പദ്മരാജന്‍ എന്ന ഗന്ധര്‍വനെ അവര്‍ക്ക് വിട്ടു കൊടുത്ത പപ്പേട്ടന്‍റെ അമ്മ ദേവകിയമ്മക്കും , കൂടപ്പിറപ്പുകള്‍ക്കുമാണ്‌.

ഇതൊരു സാഹിത്യ സൃഷ്ടിയല്ല. ചിതറിപ്പോയ കുറേ ഓര്‍മ്മകള്‍ മാത്രം.


എല്ലാ വരികളിലും നിറഞ്ഞു നില്‍ക്കുന്ന ഗന്ധര്‍വനെ നമുക്ക് കാണാന്‍ കഴിഞ്ഞെങ്കില്‍ ......!!!!!  രാധാലക്ഷ്മി സംതൃപ്തയാണ്!



12 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

so well written sanuji
hats off
sindu , murali

അജ്ഞാതന്‍ പറഞ്ഞു...

Excellent blog
Heart-rending!
Ephemeral...................
those that the God's love die young
JM

അജ്ഞാതന്‍ പറഞ്ഞു...

Extremely well written! Will grab a copy of the book.
Nisha Mara

അജ്ഞാതന്‍ പറഞ്ഞു...

Your writing skills are amazing. Very touching.
Jayarajan

അജ്ഞാതന്‍ പറഞ്ഞു...

Superb! I cried reading this, will read the book.
Sangeetha Sudesh Kumar

അജ്ഞാതന്‍ പറഞ്ഞു...

Heartbreaking! Well written.
Rajeev and Smitha Kalambath

അജ്ഞാതന്‍ പറഞ്ഞു...

Padmarajan was an enigma! Tragic that we lost him. Very nicely written blog.
Daya Arora

അജ്ഞാതന്‍ പറഞ്ഞു...

One can understand Mrs Padmarajan's grief! Heart breaking to have lost such a man.............
Premdas

അജ്ഞാതന്‍ പറഞ്ഞു...

Amazing.
Cartoonist Yesudasan

അജ്ഞാതന്‍ പറഞ്ഞു...

Good one...

Sohan Roy S.K
CEO, ARIES Group of Companies

അജ്ഞാതന്‍ പറഞ്ഞു...

excellent... congrats...way to go

Kavya Abraham

അജ്ഞാതന്‍ പറഞ്ഞു...

VALARE NANNAI NHAN PADMARAJANTE VALIA ORU ARADHAKANANU

Devadas Nambiar