2014, മേയ് 8, വ്യാഴാഴ്‌ച

രണ്ടാമൂഴങ്ങളുടെ നായകന്‍...


7 ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍.
21 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍.
3 സര്‍വകലാശാലകളുടെ ഡോക്ടറേറ്റ് .

പലതവണ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍.

ജ്ഞാനപീഠം, ഓടക്കുഴല്‍, മുട്ടത്ത് വര്‍ക്കി,പദ്മരാജന്‍, എഴുത്തച്ഛന്‍ ,ലളിതാംബികാ അന്തര്‍ജ്ജനം,തുടങ്ങി ഒരുവിധപ്പെട്ട എല്ലാ സാഹിത്യ പുരസ്കാരങ്ങളും....
സാഹിത്യ അക്കാദമി ഫെലോഷിപ്പ്....

2005 ല്‍ രാഷ്ട്രം പദ്മഭൂഷന്‍ നല്‍കി ആദരിച്ചു.
80 വയസ്സില്‍ ഇത്രയേറെ ബഹുമതികള്‍ നേടിയ വ്യക്തി മറ്റാരുമല്ല.....

കൂടല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍.

എം. ടി. എന്ന മലയാളക്കരയുടെ പ്രിയപ്പെട്ട രണ്ടക്ഷരം...


“രണ്ടാമൂഴം” എന്ന ഇതിഹാസ കൃതി ഉള്‍പടെ ഒട്ടേറെ അക്ഷര വിസ്മയങ്ങളുടെ ഉടമ.

എം.ടി. യെ പറ്റി ബ്ലോഗ്‌ എഴുതുകയെന്ന സാഹസത്തിനോ, ബുദ്ധിമോശത്തിനോ അല്ല ഇവിടെ തുടങ്ങുന്നത്.

മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു വ്യക്തിയെപ്പറ്റി എന്തെഴുതാന്‍ ഇനി ?

പക്ഷെ, അടുത്തയിടെ വായിച്ച “വാസു “ എന്ന പുസ്തകം നാം കാണാത്ത ഒരു ബാല്യകാലത്തേക്കെന്നെ പിടിച്ചുകൊണ്ടുപോയി.

ഒട്ടേറെപ്പേര്‍ അറിയാത്ത ഒരു കണ്ണുനീര്‍ ബാല്യം.

മനസ്സിന്‍റെ മുറിവുകള്‍ക്കുമേല്‍ പുരട്ടാനുള്ള മരുന്നായി വാസുവിന് എഴുത്ത്.

വെട്ടിയും, തിരുത്തിയും, എഴുതി ,എഴുതി , ആ ബാലന്‍ വളര്‍ന്നു.

ദേശങ്ങള്‍ കടന്നു പേരും, പെരുമയും, നേടിയ വാസു എം. ടി. വാസുദേവന്‍‌ നായരായി.

എം. ടി. യുടെ കഥകളില്‍ ,ബാല്യകാലവേദനകള്‍ക്കു പകരം വീട്ടുന്ന ചിത്രങ്ങള്‍ ആണെന്ന് എന്‍.പി.മുഹമ്മദ്‌ ആമുഖത്തില്‍ പറയുന്നു.

മേളത്തൂര്‍ അഗ്നിഹോത്രിയുടെ കഥകള്‍ നിറഞ്ഞ കണ്ണാന്തളിപ്പൂക്കളുടെ ഗ്രാമം കൂടല്ലൂര്‍ !

തെക്കേപ്പാട്ട് വീട്ടിലെ അമ്മയും, രണ്ട് കുട്ടികളും.

പശുവിന്‍റെ  പാല്‍  കൊടിക്കുന്ന്‍ അമ്പലത്തില്‍ കൊടുത്ത് ജീവിച്ച കുടുംബം.

പട്ടിണികിടന്ന ഒരു രാത്രിയില്‍ ഉരുളിയില്‍ ചോറുമായിവന്ന നമ്പൂതിരിയെ പിറ്റേന്ന് തിരഞ്ഞിട്ട് കണ്ടില്ല.

പിന്നീടാണറിയുന്നത് കൊടിക്കുന്നത്ത്‌ ഭഗവതി തന്നെയാണ് നമ്പൂതിരിയായി വന്ന് മച്ചിലേക്ക് കയറിപ്പോയത് എന്ന്‍.

അമ്മക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ കൊടുത്ത മരുന്നുകളെ തോല്‍പ്പിച്ചായിരുന്നു എം. ടി. യുടെ ജനനം.

പക്ഷെ, ഈ മരുന്നുകള്‍ കുഞ്ഞിന്‍റെ ആരോഗ്യത്തെ സാരമായി ബാധിച്ചു.

ബാലപീഡകള്‍ , മരുന്നുകള്‍ , മന്ത്രങ്ങള്‍....

ക്ഷയിച്ചുപോയ തന്‍റെ നാലുകെട്ട് വാസുവിന് ഒരു ഉടഞ്ഞ വിഗ്രഹമായിരുന്നു .

പൊട്ടിപൊളിഞ്ഞ ജീര്‍ണിച്ച കെട്ടിടം പലര്‍ക്കും ബാധ്യതയും !

നാലുകെട്ടിനുള്ളിലെ മിഥ്യാഭിമാനവും, ഇല്ലായ്മയും, പകിടകളിപോലെ തിരിഞ്ഞും , മറിഞ്ഞും ,പോയ ഓര്‍മകള്‍ ,പില്‍ക്കാലത്തെ കഥാസാഗരങ്ങളായി.

അനാരോഗ്യം അലട്ടിയപ്പോഴും, ശ്രീകൃഷ്ണചരിതവും, മണിപ്രവാളവും ,വാസു കാണാതെ പഠിച്ചു.
ഏകാകിയായ ബാല്യം.

സ്കൂളില്‍ പഠിക്കുമ്പോള്‍  സ്കോളര്‍ഷിപ്പ്‌ കിട്ടിയ 70 രൂപ കൊണ്ട് തകഴി, ബഷീര്‍,എസ്‌. കെ. പൊറ്റക്കാട് , കേശവദേവ്‌ എന്നിവരുടെ പുസ്തകങ്ങള്‍ വാങ്ങി.

ചങ്ങമ്പുഴയുടെ “രമണന്‍”പ്രിയ പുസ്തകമായി.

തന്‍റെ അമ്മയുടെ ദേഹത്ത് കയറിയെന്നു വിശ്വസിച്ച ഈരാറ്റിങ്കല്‍ ഭഗവതിയെ ഇറക്കാന്‍ ഭഗവതിയുടെ പ്രധാന കര്‍മിയായ മൂപ്പനെ കൊണ്ടുവന്ന രംഗം എം. ടി.യില്‍ “പാതിരാവും പകല്‍വെളിച്ചവും “ എന്ന രചനക്ക് തുടക്കമായി....

ക്രൂരനായ കാരണവരെ കോഴിയിറച്ചിയില്‍ വിഷം കൊടുത്തു കൊന്ന മരുമകളും, ഗ്രാമം മുഴുവന്‍ തീരാപ്പകയുമായി അലഞ്ഞ അയാളുടെ ആത്മാവും , ചങ്ങലയില്‍ ജീവിച്ച വേലായുധനും ,പിന്നീട്  “ഇരുട്ടിന്‍റെ  ആത്മാവായി” .

അച്ഛന്‍റെ വിഷുക്കൈനീട്ടം കാത്തിരുന്ന വാസു കേള്‍ക്കുന്നത് അച്ഛന്‍റെ  മരണവാര്‍ത്തയാണ്.

പിന്നീടൊരിക്കലും വിഷുക്കൈനീട്ടം ഇല്ലാതെപോയ ബാലന്‍റെ ഓര്‍മകളാണ് വാസു ആദ്യമായി എഴുതിയ പൂര്‍ണകഥ.

നദികളെയും, പുഴകളെയും ,കുറിച്ച് വാസു ഒരുപാട് ആഴത്തില്‍ പഠിച്ചു.

ഓരോ നദിക്കുമുണ്ട് ഓരോ കഥ.

പരമശിവന്‍റെ  ജടയില്‍ ഒളിച്ചിരുന്ന ഗംഗ!

ശിവന്‍റെ ധ്യാനത്തില്‍ നിന്നും പിറന്ന നര്‍മദ!

ഗംഗയെ ഭൂമിയിലേക്കൊഴുക്കിയ ഭഗീരഥന്‍!

അങ്ങനെ നദികളുടെയും, പുഴകളുടെയും കുറേ കഥകള്‍.

സിലോണില്‍ നിന്നും വല്ലപ്പോഴും മാത്രം വരുന്ന അച്ഛനെ സ്വീകരിക്കാന്‍ പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ പോകുന്ന വാസു.

പെട്ടിയിലെ സാമാനങ്ങള്‍ നാട്ടുകാര്‍ക്ക് വീതിച്ചു കഴിയുമ്പോള്‍ വാസുവിനും , സഹോദരനും ഒന്നുമില്ല.

സഹോദരിയില്ലാത്ത കുറവ് നികത്തിയത് അച്ഛന്‍ പെങ്ങളുടെ മകള്‍ മാധവിക്കുട്ടി ആയിരുന്നു.

അവരുടെ ബാല്യകാല സ്മരണകള്‍ പിന്നീട് ഓപ്പോള്‍ എന്ന കൃതിയായി.

പൂത്തിരിയും, പടക്കങ്ങളും , വാസുവിനിഷ്ട്ടമായിരുന്നു.

 പക്ഷെ...അതൊക്കെ വാങ്ങിക്കൊടുക്കാന്‍ അമ്മക്ക് പണം ഇല്ലായിരുന്നു.മനസ്സിന്‍റെ കുന്നിന്‍ ചരിവുകളില്‍ പൂത്തിരി കത്തിച്ചും , താഴ്വാരങ്ങളില്‍ പടക്കം പൊട്ടിച്ചും വാസു തന്‍റെ ആഗ്രഹങ്ങള്‍ ഉള്ളില്‍ ഒതുക്കി.

മരണം പൂക്കുന്ന കര്‍ക്കിടകങ്ങളെ വാസു ഭയന്നു.

ഒരു നല്ല ഓണപ്പുലരി വരുമെന്ന പ്രത്യാശയോടെ വാസു ഓരോ ദിവസവും ഉറങ്ങി.

സ്വപ്നങ്ങളില്‍ ആവണിപ്പൂന്തെന്നലും, ഉത്രാടപ്പൂനിലാവും, സമ്പല്‍സമൃദ്ധമായ ചിങ്ങപ്പുലരിയുമൊക്കെ പരന്നൊഴുകി.

ഒടിയന്മാര്‍ പതിയിരിക്കുന്ന ഗ്രാമക്കുന്നുകളെയും, വേലിപ്പടര്‍പ്പുകളെയും , വാസു ഭയത്തോടെക്കണ്ടു.
ഉദ്വേഗവും ആകാംക്ഷയും , ജനിപ്പിക്കുന്ന ഒരു ഒടിയനാകാന്‍  വാസു കൊതിച്ചു.

ആരോ സമ്മാനിച്ച ക്യാമറയുമായി ഗ്രാമത്തില്‍ ഓടിനടന്ന് ചിത്രങ്ങള്‍ എടുത്ത വാസു.

പക്ഷെ, വാസുവിന്‍റെ ഒറ്റചിത്രത്തെയും അച്ഛന്‍ അഭിനന്ദിച്ചില്ല.

പുത്തൂരംവീടിന്‍റെയും , ഉണ്ണിയാര്‍ച്ചയുടേയും...

കര്‍ണന്‍റെയും ഭീമന്‍റെയും ......

കര്‍ണന്‍ അനുഭവിച്ച വ്യഥകളും , ഭീമനോടുള്ള കൌതുകവും ആയിരിക്കാം “രണ്ടാമൂഴ”ത്തിന്‍റെ തന്തു.
പിന്നെ ...

ദുശ്ശാസനന്‍റെ ചോരകുടിച്ച് , കുടല്‍മാല കഴുത്തിലണിഞ്ഞ ഭീമന്‍.....

തന്‍റെ ദുഃഖങ്ങളുമായി വാസു ഭീമനെ താരതമ്യം ചെയ്തു.

തമ്പിനുള്ളില്‍ കുടുങ്ങിപ്പോയ സിംഹത്തിനേയും, ആനയേയും, പുലിയേയും കണ്ടു വാസുവിന്‍റെ മനസ്സ്  പിടഞ്ഞു. അത് “വളര്‍ത്തുമൃഗങ്ങള്‍” എന്ന കഥയായി.ജീവിതം എന്ന റിങ്ങില്‍ നിന്നും പുറത്താകുന്ന അഭ്യാസികളുടെ  പരാജിതമുഖങ്ങള്‍ വാസുവില്‍ സഹതാപമുണ്ടാക്കി.

ഉദ്ദിഷ്ട്ട കാര്യത്തിനായി പ്രാര്‍ത്ഥിച്ചാല്‍ മാത്രം വിരിയുന്ന  മലമക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ നീലത്താമരയും പിന്നീട് കഥയായി.

തന്‍റെ കുട്ടി അസുഖം വന്നു മരിക്കുമ്പോള്‍ ദേവിയെ പുലഭ്യം പറഞ്ഞ് കുന്നിലേക്ക് കയറിപ്പോവുന്ന കോമരം , പിന്നീട് വാസു “നിര്‍മാല്യ”മാക്കി.

പകല്‍ മാത്രം സജീവമാകുന്ന കടത്തുതോണി രാത്രി നിശബ്ദമാകുന്നു.

രാവിരുട്ടിവെളുക്കുന്നത് വരെ തോണി ഒറ്റക്കാണ്. ആരവങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുന്ന മനുഷ്യമനസ്സാണ് ആ തോണി എന്ന് വാസുവിന് തോന്നി.

പുഴകള്‍, പാടങ്ങള്‍, പാതകള്‍,പനമരം,പാലപ്പൂ യക്ഷികള്‍,ബാധകള്‍,ഒക്കെ വാസുവിന്‍റെ കഥാപാത്രങ്ങളായി.

ബാല്യകാലത്ത്‌ ആത്മീയമായും , ഭൗതികമായും ഒരുപാട് വേദനകള്‍ അനുഭവിച്ച വാസു.

എല്ലാവരില്‍നിന്നും അകന്ന്‌ ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോയ വാസു.

ദാരിദ്ര്യവും,കഷ്ട്ടപ്പാടും, വ്യസനങ്ങളും വ്രണപ്പെടുത്തിയ മനസ്സ്.

വിശപ്പ്‌ ഒരു വശത്ത്‌....

ദുരഭിമാനം മറ്റൊരു വശത്ത്‌.....

കയ്പ്പുനീര് നല്‍കിയ ബാല്യം..

മുറ്റത്തെ പുല്‍ചെടിയിലും ,കൊന്നമരത്തിലെ കര്‍ണികാരത്തിലും അമ്മയുടെ സ്നേഹം അറിഞ്ഞ മകന്‍.....

അകത്തളത്തില്‍ അച്ഛനെ പ്രതീക്ഷിച്ചിരുന്ന അമ്മ.....

അരണ്ടവെളിച്ചത്തില്‍ എഴുതി , എഴുതി , വളര്‍ന്ന ബാലന്‍.....

അനുഭവങ്ങള്‍ വാസുവിനെ എം. ടി. ആക്കി.

രണ്ടാമൂഴം രചിച്ച രണ്ടക്ഷരക്കാരന് ദീര്‍ഘായുസ്സ് നേരുന്നു....

 “വാസു “ എഴുതിയ കിഷോറിനു നന്ദി.......






1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

super writing
keep going
sindu, murali