2014, ഏപ്രിൽ 29, ചൊവ്വാഴ്ച

ചിരിയുടെ കുടചൂടുന്നവര്‍ .................

                                         

             കണ്ണീര്‍ മഴയത്തു ചിരിയുടെ കുട ചൂടുന്നവരെപ്പറ്റി ഓര്‍ക്കാന്‍ കാരണം രണ്ടു ദിവസം മുന്‍പ് ഏഷ്യാനെറ്റില്‍ കണ്ട “പ്രിയപ്പെട്ട എം. ടി.” എന്ന പരിപാടിയാണ്.

അവതാരക പ്രവീണ പറഞ്ഞപ്പോഴാണ് അറിയുന്നത് എം. ടി. എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത “വളര്‍ത്തുമൃഗങ്ങള്‍” എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത് അദ്ദേഹം തന്നെ ആണെന്ന്.

അതൊരു പുതിയ വിവരം ആയിരുന്നു.

ആ ഗാനത്തിന്‍റെ ഹൃദയസ്പര്‍ശമാണ് ഈ കുറിപ്പിനിടയാക്കിയത്.

നമ്മെ ചിരിപ്പിക്കാനും , രസിപ്പിക്കാനും , വേണ്ടി കണ്ണീര്‍ മഴയത്ത് ചിരിയുടെ കുടചൂടുന്നവരുടെ പുറം താളിലേക്കൊന്നെത്തി നോക്കി.സര്‍ക്കസ്സിന്‍റെ പിതാവെന്നു വിളിക്കുന്ന ഫിലിപ് അസ്ടിലി ആണ് 1768 ല്‍ സര്‍ക്കസ് എന്ന കലാരൂപത്തിന്‍റെ ഉപജ്ഞാതാവ്.

പിന്നീട് റോം , റഷ്യ , അമേരിക്ക , എന്നിവിടങ്ങളില്‍ സര്‍ക്കസ് വ്യാപൃതമായി.

1838 ല്‍ തോമസ്‌ ടാപ്ലിന്‍ ക്രൂക്ക് അമേരിക്കയില്‍ നിന്നും യു.കെ.യിലേക്ക് സര്‍ക്കസ് വ്യാപിപ്പിച്ചു.

1919 ല്‍ യു.എസ്‌.എസ്‌.ആര്‍. തലവന്‍ ലെനിന്‍ സര്‍ക്കസ് ജനകീയമാക്കി സര്‍ക്കസ് സര്‍വകലാശാല സ്ഥാപിച്ചു.

പിന്നീട്, ചൈനാ നാഷണല്‍ സര്‍ക്കസ്, 800 മില്ല്യന്‍ യു.എസ്‌.ഡോളര്‍ വാര്‍ഷിക വരുമാനവുമായി കനേഡിയന്‍ സര്‍ക്കസ്..... ,അങ്ങനെ പോകുന്നു സര്‍ക്കസ് ചരിത്രം !

                          ഇന്ത്യന്‍ സര്‍ക്കസ്സിന്‍റെ കുലപതി എന്നറിയപ്പെടുന്നതും ഓര്‍മിക്കപ്പെടുന്നതും 1980 ല്‍ ““ഗ്രേറ്റ്‌ ഇന്ത്യന്‍ സര്‍ക്കസ് “ തുടങ്ങിയ “വിഷ്ണുപന്ത് ഛത്ര” ആണ്.
തലശ്ശേരിയിലെ കീലേരി കുഞ്ഞിരാമനെയും നമുക്ക് മറക്കാനാവില്ല.

മൃഗ സംരക്ഷണത്തിനുള്ള സംഘടനയായ PETA സര്‍ക്കസ് ക്യാമ്പിലെ ദുരിതമനുഭവിക്കുന്ന മൃഗങ്ങള്‍ക്കായി വാദിച്ചു, അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതികള്‍ കയറി ഇറങ്ങി.

പക്ഷെ, തമ്പുകളില്‍ കണ്ണീരും , പട്ടിണിയും, വേദനകളുമായി ഇല്ലാതാകുന്ന മനുഷ്യര്‍ക്ക്‌ വേണ്ടി വാദിക്കാനും , കരയാനും ഒരു സംഘടനയുമില്ല.

                               ഇത്തരം വളര്‍ത്തുമൃഗങ്ങളുടെ കഥകള്‍ പലപ്പോഴും ചലച്ചിത്രങ്ങളായിട്ടുണ്ട്.

ഇത്തരത്തില്‍ ആദ്യ ചിത്രം 1958 ല്‍ ചന്ദ്രന്‍റെയും, തങ്കത്തിന്‍റെയും കഥ പറഞ്ഞ “നായര് പിടിച്ച പുലിവാലാണ്” .

ഉറൂബിന്‍റെ  കഥയ്ക്ക് ഭാസ്കരന്‍ മാഷിന്‍റെ സംവിധാനം.
പിന്നീട് 1978 ല്‍ ജി. അരവിന്ദന്‍റെ “തമ്പ് “ നമ്മെ പിടിച്ചുലച്ചു. ഗോപിയും , നെടുമുടിയും , വി.കെ. ശ്രീരാമനും, ജലജയും , അനശ്വരമാക്കിയ തമ്പ്. മൂന്ന്‌ ദിവസത്തെ കളി കഴിഞ്ഞ് തമ്പുമായി അവര്‍ മടങ്ങുമ്പോള്‍ , സര്‍ക്കസ് വരും പോകും , ജീവിതകഥ തുടരുമെന്ന് നാം വേദനയോടോര്‍ക്കുന്നു.

  1980 ല്‍ കെ .ജി. ജോര്‍ജ്ജ് സൃഷ്ട്ടിച്ച “മേള” ഒരനുഭവമായി മാറി.

ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തുന്ന കുള്ളന്‍ വിജയന്‍റെയും , ഭാര്യയുടെയും , ജീവിതത്തിലേക്ക് സര്‍ക്കസ് ബൈക്ക് അഭ്യാസി വരുന്നതോടെ കാര്യങ്ങള്‍ തകിടം മറിയുന്നു. ഒടുവില്‍ വിജയനും ഭാര്യയും നഗരത്തില്‍ നിന്നും ഗ്രാമത്തിലേക്ക് മടങ്ങുന്നു.ബൈക്ക് അഭ്യാസിയായി വന്ന മമ്മുട്ടിയുടെ ആദ്യ മുഴുനീള ചിത്രം.
മമ്മൂട്ടി പാടി അഭിനയിച്ച ആ ഗാനം നമുക്ക് മറക്കാനാവില്ല.

മുല്ലനേഴിയുടെ മനോഹര കവിത.
“ മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു
 മനുഷ്യന്‍ കാണാത്ത പാതകളില്‍ !
 കടിഞ്ഞാണില്ലാതെ ,കാലുകളില്ലാതെ ,
  തളിരും , തണലും    തേടി 
  കാലമേ ! നിന്‍ കാലടിക്കീഴില്‍
 കണ്ണുനീര്‍ പുഷ്പങ്ങള്‍
കാതോര്‍ത്തു കാതോര്‍ത്തു നിന്നു
ജീവിത താളങ്ങലേറ്റ് വാങ്ങാന്‍
മോഹമേ ! നിന്‍ ആരോഹണങ്ങളില്‍
ആരിലും രോമാഞ്ചങ്ങള്‍ !
ആരോഹണങ്ങളില്‍ ചിറകുകള്‍ എരിയുന്ന
ആത്മാവിന്‍ വേദനകള്‍ !

ഒരു സര്‍ക്കസ് അഭ്യാസിയുടെ ഉള്‍തുടിപ്പുകള്‍ എത്ര മനോഹരമായാണ് രംഗവല്‍ക്കരിച്ചിരിക്കുന്നത് !

                                    2000 ല്‍ ലോഹിതദാസിന്‍റെ “ജോക്കര്‍”       നമ്മെ  ഒരുപാട് കരയിപ്പിച്ചു.

ബാബുവിന്‍റെ കയ്യില്‍ കിടന്ന്‍ മരിക്കുന്ന അബൂക്കയുടെ അന്ത്യം നമുക്ക് മറക്കാനാവുമോ ?

സ്വര്‍ഗത്തിന്‍റെ ഗോവണിപ്പടി കയറിപ്പോവുന്ന ബഹദൂര്‍ എന്ന നടന്‍ “ജോക്കര്‍” എന്ന ചിത്രം ജീവിക്കുന്ന കാലത്തോളം നമ്മുടെ ഇടയില്‍ ജീവിക്കും. 
 
യൂസഫലി കേച്ചേരിയുടെ മനോഹരമായ കവിത ഒരിക്കല്‍ കൂടി സര്‍ക്കസ് താരങ്ങളുടെ വേദനകള്‍ ഒപ്പിയെടുത്തിരിക്കുന്നു.

“കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

നോവിന്‍ കടലില്‍ മുങ്ങി തപ്പി മുത്തുകള്‍ ഞാന്‍ വാരി

മുള്ള്കളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍

ലോകമേ ! നിന്‍ ചൊടിയില്‍ ചിരികാണാന്‍

കരള്‍ വീണ മീട്ടി പാട്ട് പാടാം

കദനം , കവിതകളാക്കി ...

മോഹം, നെടുവീര്‍പ്പാക്കി...

മിഴിനീര്‍ തീരത്തല്ലോ കളിവീടുണ്ടാക്കി,

മുറിഞ്ഞ നെഞ്ചിന്‍ പാഴ്മുളയാലൊരു

മുരളികയുണ്ടാക്കി

പാടാന്‍ മുരളികയുണ്ടാക്കി.

പകലില്‍ പുഞ്ചിരി സൂര്യന്‍,

രാവില്‍ പാല്ച്ചിരി ചന്ദ്രന്‍

കടലില്‍ പുഞ്ചിരി പോന്‍തിരമാല

മണ്ണില്‍ പുഞ്ചിരി പ്പൂവ്

കേഴും മുകിലിന്‍  മഴവില്ലാലൊരു

പുഞ്ചിരിയുണ്ടാക്കി

വര്‍ണ പുഞ്ചിരിയുണ്ടാക്കി !”
                                         അങ്ങനെ , സര്‍ക്കസ് തമ്പിലെ വളര്‍ത്തു മൃഗങ്ങളുടെ വേദനകളും, നൊമ്പരങ്ങളും, കവിതകളായി ഒഴുകുന്നു.പക്ഷെ ഏറ്റവും മനോഹരമായി അത് പകര്‍ത്തിയത് എം. ടി. തന്നെയാണെന്ന് താഴെക്കാണുന്ന വരികള്‍ തെളിയിക്കും.

നീലവാനം നോക്കി കിടക്കുന്ന സര്‍ക്കസ് ജീവനക്കാരന്‍ നീലവാനത്തിനും , താരകങ്ങള്‍ക്കും , നന്ദി ഇങ്ങനെ പറയുന്നു ..

“ശുഭരാത്രി , നിങ്ങള്ക്ക് നേരുന്നു ശുഭരാത്രി
ഊരുതെണ്ടുമൊരേകാന്ത പഥികന്
കാവല്‍ നില്‍ക്കും താര സഖികളെ
നിങ്ങള്ക്ക് നേരുന്നു ശുഭ യാത്ര !
പുരാണഖിലയുടെ മൈതാനത്തില്‍
 ചുവന്ന ജയപുരിയില്‍
സിന്ധു തടത്തില്‍ പൂര്‍ണകരയില്‍
എന്നും മേല്‍പ്പുരയെനിക്ക് നല്‍കിയ
നീല വാനമേ !
നിന്‍റെ കളി വിളക്കൊളികണ്ട് മയങ്ങാന്‍
അനുമതി തന്ന മനസ്സിന് നന്ദി !
പകലുകള്‍, വെള്ളിപ്പറവകളെങ്ങോ
പറന്നകന്നു !
തളര്‍ന്ന തന്ത്രികള്‍
രാഗാലാപം കഴിഞ്ഞു മയങ്ങി !
മുടിയഴിച്ച വേഷക്കാരന്‍സ്വപ്നം തേടിയുറങ്ങി !
അഭയം കാണാതുഴറുമെന്‍ പഥികന്
കൂട്ടിനിരിക്കും താര സഖികളേ !
നിങ്ങള്ക്ക് നന്ദി ! ശുഭയാത്ര ! “

                                             ഞങ്ങളെ നാളെ ചിരിപ്പിക്കാനുള്ള തയ്യാറെടുപ്പിനു മുന്പ് ലോകമാകമാനം ഊരുതെണ്ടുന്ന പഥികര്‍ക്ക്‌, കാവലാവുന്ന താരങ്ങള്‍ക്ക് , മേല്പ്പുരയാവുന്ന നീലവാനത്തിന്‌ , മുടിയഴിച്ചുവച്ചുറങ്ങുന്ന വേഷക്കാര്‍ക്ക്,വളര്‍ത്തു മൃഗങ്ങള്‍ക്ക് ശുഭരാത്രി, നാളെക്കാണും വരെ....                   

9 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Dear Sanu

It was a pleasing experience to read your articles.My pleasure got doubled when I came to know that you are the son of one of the all time great cartoonists Yesudasan sir.Who could forget his Kunchukkuruppu,Mrs.Nair etc.

You latest blog about John Paul is enchanting as well as nostalgic.John Paul is my favourite too.It seems you have lots of untold talent.Keep writing.

Shiburaj

അജ്ഞാതന്‍ പറഞ്ഞു...

Best!

Ramsubramonian V

JM പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.